പാലക്കാട്: ജില്ലയിൽ ചൂട് വീണ്ടും കൂടി. വ്യാഴാഴ്ച 38 ഡിഗ്രി സെൽഷ്യസ്സായിരുന്ന മുണ്ടൂർ ഐ.ആർ.ടി.സി.യിലെ താപമാപിനിയിൽ വെള്ളിയാഴ്ച 38.5 ഡിഗ്രി സെൽഷ്യസ്സാണ് പകൽ താപനില രേഖപ്പെടുത്തിയത്. ഇവിടത്തെ കുറഞ്ഞ താപനില 22.5 ഡിഗ്രി സെൽഷ്യസ്സാണ്. മലമ്പുഴ പ്രദേശത്തെയും താപനില ഉയർന്നിട്ടുണ്ട്. 34 ഡിഗ്രി സെൽഷ്യസ്സിലായിരുന്ന താപനില വെള്ളിയാഴ്ച രണ്ട് ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.4 രേഖപ്പെടുത്തി. 24.6 ഡിഗ്രി സെൽഷ്യസ്സാണ് കുറഞ്ഞ താപനില.
പട്ടാമ്പിയിലെ താപമാപിനിയിലും ചൂട് ഉയർന്നതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച 34.8 രേഖപ്പെടുത്തിയ ഉയർന്ന താപനില വീണ്ടും കൂടി 35.8 ഡിഗ്രി സെൽഷ്യസ്സിലെത്തിയിട്ടുണ്ട്. ഇവിടത്തെ കുറഞ്ഞ താപനില 19.2 ഡിഗ്രി സെൽഷ്യസ്സാണ്.
ജില്ലയിലെ വിവിധപ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ആർദ്രതയിലും കുറവുണ്ട്. കഴിഞ്ഞദിവസം മുണ്ടൂരിൽ 43 ആയിരുന്ന ആർദ്രത വെള്ളിയാഴ്ച 41 ആയിട്ടുണ്ട്. മലമ്പുഴയിൽ 39-ൽനിന്ന് 36-ലേക്കും പട്ടാമ്പിയിൽ 41-ൽനിന്ന് 40-ലേക്കുമാണ് ആർദ്രത കുറഞ്ഞത്.