പാലക്കാട്: നാട്ടിൽക്കാണുന്ന ചക്ക, മാങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളും പൂക്കളുണ്ടാകുന്ന ചെടികളും വളർത്തിയെടുത്ത് ഒരു ‘കുട്ടിവനം’ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം. പട്ടാമ്പിയിലുള്ള കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഏകദേശം അഞ്ചുസെന്റ് സ്ഥലത്താണ് തനത് വനമൊരുക്കുന്നത്.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം കുറച്ച് പഴയസ്ഥിതിയിലെത്താനുള്ള കൃഷിയുടെ ഭാഗമായിട്ടാണ് വനം നട്ടുപിടിപ്പിക്കുന്നത്. 11.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം ആദ്യവർഷം 5.26 ലക്ഷം രൂപയും പിന്നീടുള്ള രണ്ട് വർഷങ്ങളിൽ 3.25 ലക്ഷംരൂപ വീതവും പദ്ധതിക്കായി വിനിയോഗിക്കാം.
മിയാവാക്കി ശൈലിയിലാണ് പ്രദേശത്ത് വനം വളർത്തുന്നത്. ഇത്തരത്തിൽ വനങ്ങളൊരുക്കുന്നതിന്റെ മാതൃകാ യൂണിറ്റാണ് കൃഷിവിജ്ഞാന കേന്ദ്രത്തിലൊരുക്കുന്നത്. കൃഷിവിജ്ഞാനകേന്ദ്രം, കാർഷിക സർവകലാശാല, ഹരിതകേരളം മിഷൻ, ഫോറസ്റ്റ് കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് വളർത്താനുള്ള ചെടികളെക്കുറിച്ച് സർവേ നടത്തും.
ചതുരശ്രമീറ്ററിൽ നാല് തൈകൾ എന്ന കണക്കിൽ ഒരുസെന്റിൽ ഏതാണ്ട് 162 ചെടി നടാം. മൂന്നുവർഷംകൊണ്ട് ഇടതിങ്ങിയ വനമുണ്ടാക്കുകയാണ് ലക്ഷ്യം. കൂടാതെ ഇത്തരത്തിൽ വനമുണ്ടാക്കാൻ പരിശീലനംനൽകാനും ഉദ്ദേശിക്കുന്നുണ്ട്. മാർച്ച് -ഏപ്രിൽ മാസത്തോടെ പദ്ധതി തുടങ്ങാനാകുമെന്ന് അധികൃതർ പറഞ്ഞു
എന്താണ് മിയാവാക്കി ശൈലി
ജപ്പാനിലെ സസ്യശാസ്ത്രജ്ഞൻ അക്കിര മിയാവാക്കി രൂപപ്പെടുത്തിയ സമ്പ്രദായമായണിത്. സാധാരണരീതിയിൽ വളരുന്ന മരങ്ങളെ പരിചരിച്ച് വളർച്ച ഉറപ്പാക്കും. സൂര്യപ്രകാശത്തിനായി പരസ്പരം മത്സരിക്കുന്ന ചെടികൾ ഉയരം വെക്കുമെന്നാണ് മിയാവാക്കി സിദ്ധാന്തം. ഈ രീതിയിലൂടെ അതിവേഗംവളരുന്ന ചെടികൾ മൂന്നുവർഷംകൊണ്ട് 30 അടി ഉയരമുള്ള മരങ്ങളാകും. ഈ ശൈലിവഴി 100 വർഷം പഴക്കമുള്ള കാടിന്റെരൂപംകിട്ടാൻ 10വർഷം മതി.
ചെടികൾ വിതരണംചെയ്യാനും പദ്ധതി
ഹരിതകേരളം മിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലേക്ക് തൈകൾ നൽകാനും പദ്ധതിയുണ്ട്. നിലവിൽ വനംവകുപ്പിൽനിന്നാണ് വനവത്കരണ പദ്ധതികൾക്ക് ചെടികൾ നൽകുന്നത്. കൃഷിവിജ്ഞാന കേന്ദ്രത്തിൽ ചെറുവനം ഒരുക്കുന്നതിനോടൊപ്പം വിതരണത്തിനായി ചെടികളൊരുക്കും.
-ഡോ. രശ്മി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കൃഷിവിജ്ഞാന കേന്ദ്രം.