പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ജില്ലയിൽ യു.ഡി.എഫ്. നടത്തിയ 12 മണിക്കൂർ ഹർത്താൽ സാധാരണക്കാരെ വലച്ചു. സ്വകാര്യബസ്സുകളുൾപ്പെടെ ഓടിയില്ല. അപൂർവമായി ഓട്ടോറിക്ഷകൾ ഓടിയതൊഴിച്ചാൽ പൊതുഗതാഗതം പാടേ നിലച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും യു.ഡി.എഫ്. നേതൃത്വം പറഞ്ഞിരുന്നെങ്കിലും കടകൾ തുറന്നില്ല. പാലക്കാട് കോട്ടമൈതാനത്തിനടുത്തുള്ള എസ്.ബി.െഎ. ഒരുവിഭാഗം പ്രവർത്തകരെത്തി അടപ്പിച്ചു. നഗരത്തിൽ പ്രവർത്തകർ പ്രകടനവും നടത്തി.

പാലക്കാട്ടുനിന്ന് കെ.എസ്.ആർ.ടി.സി. ഒമ്പത് സർവീസ് മാത്രമാണ് ചൊവ്വാഴ്ച നടത്തിയത്. ആറുമണിക്കുമുന്പ് പാലക്കാട് ഡിപ്പോയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് രണ്ട് സർവീസും പഴനിയിലേക്ക് ഒന്നും ഓടി.

സ്വകാര്യവാഹനങ്ങൾ ചെറിയതോതിലെങ്കിലും നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദീർഘദൂര യാത്രക്കാർക്കടക്കം ഇവ ആശ്വാസമായി. ജങ്ഷനുകളിൽ കൂടിനിന്ന പ്രവർത്തകർ വാഹനങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞില്ല. സംസ്ഥാനപാതയിൽ മംഗലംപാലത്തും അല്പനേരം വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടു. ഹർത്താലിന് പൊതുസമൂഹം നൽകിയ പിന്തുണ സർക്കാർ തിരിച്ചറിയണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ എ. രാമസ്വാമി ആവശ്യപ്പെട്ടു.

കോയമ്പത്തൂരിലേക്ക്‌ അന്തർസംസ്ഥാന ബസ്സുകൾ ഓടിയില്ല

കോയമ്പത്തൂർ: പാലക്കാട്ട് യു.ഡി.എഫ്‌. ഹർത്താലായതിനാൽ ചൊവ്വാഴ്ച പാലക്കാട്‌ ഭാഗത്തുനിന്നും കേരളത്തിലെ ഇതരജില്ലകളിൽനിന്നുമുള്ള സ്വകാര്യ-സർക്കാർ ബസ്സുകൾ കോയമ്പത്തൂരിലേക്ക്‌ പകൽ സർവീസ്‌ നടത്തിയില്ല.

കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്കുള്ള സർവീസുകളും മുടങ്ങി. ചൊവ്വാഴ്ച വൈകീട്ട്‌ ദീർഘദൂര സർവീസുകൾ ആരംഭിച്ചതായി കെ.എസ്‌.ആർ.ടി.സി. കോയമ്പത്തൂർ ഡിപ്പോ അധികൃതർ പറഞ്ഞു.