പാലക്കാട്: ജില്ലയിൽ ഏറ്റവുംകൂടുതൽ വൃക്കരോഗികൾ ഡയാലിസിസ്സിനായി എത്തുന്ന സ്ഥാപനമാണ് പാലക്കാട് ജില്ലാ ആശുപത്രി. പ്രതിമാസം 550-600വരെ ഡയാലിസിസ്സുകളാണിവിടെ നടക്കുന്നത്. ആവശ്യക്കാർ കുറവായതുകൊണ്ടല്ല നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് ഡയാലിസിസ്സുകളുടെ എണ്ണം 600-ൽ ഒതുങ്ങിയിരിക്കുന്നത്.
കൂടുതൽ മെഷീനുകൾ ലഭ്യമാവുകയാണെങ്കിൽ ദിനംപ്രതിചെയ്യുന്ന ഡയാലിസിസ്സുകളുടെ എണ്ണം കൂട്ടാൻസാധിക്കും. നിലവിൽ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ എട്ട് മെഷീനുകൾകൂടി വെക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടേക്കുള്ള നാല് ഡയാലിസിസ് മെഷീനുകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.സി.എൽ.) നൽകാമെന്നേറ്റിട്ട് ഒരുവർഷമായി.
എട്ട് ഡയാലിസിസ് മെഷീനുകൾക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ നാലെണ്ണം അനുവദിക്കാനാണ് തീരുമാനമായത്. എന്നാൽ, ഒരുവർഷമായിട്ടും ഇവ ലഭ്യമായിട്ടില്ല.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം നൽകുന്നുണ്ട്. നിലവിൽ എട്ട് ഡയാലിസിസ് മെഷീനുകളാണുള്ളത്. ദിനംപ്രതി 22-25 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്.
എട്ട് മെഷീനുകളുണ്ടെങ്കിലും നാല് മെഷീനുകൾ വളരെ പഴകിയതായതിനാൽ ഇവ ഇടയ്ക്കിടെ പണിമുടക്കാറുണ്ട്. അതിനാൽ അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഒരു മെഷീൻ എപ്പോഴും കരുതിവെക്കാറുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.
വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ
കെ.എം.എസ്.സി.എല്ലാണ് ഡയാലിസിസ് മെഷീനുകൾ നൽകാമെന്ന് ഏറ്റിരുന്നത്. ഇതുവരെ മെഷീനുകൾ നൽകുന്നതിൽ എന്തെങ്കിലും തടസ്സമുള്ളതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
-ഡോ. കെ. രമാദേവി, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്.
കെ.എം.എസ്.സി.എൽ. അധികൃതരെ സമീപിക്കും
ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകൾ നൽകുമെന്നാണ് കെ.എം.എസ്.സി.എൽ. അധികൃതർ അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ മാറ്റമുള്ളതായി അറിയിച്ചിട്ടില്ല. മെഷീനുകളുടെ ലഭ്യതയെക്കുറിച്ചറിയുന്നതിനായി ഒരിക്കൽക്കൂടി കെ.എം.എസ്.സി.എൽ. അധികൃതരെ സമീപിക്കും.
-കെ. ബിനുമോൾ, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ.