പാലക്കാട്: കെ.എസ്.ആർ.ടി.സി. ഡിപ്പോ പുനർനിർമാണത്തിനുള്ള പുതിയ രൂപരേഖയ്ക്ക് എം.ഡി. ടോമിൻ ജെ. തച്ചങ്കരി തത്ത്വത്തിൽ അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയത്.

രൂപരേഖ നിർമാണത്തിനുള്ള അടങ്കലും വിശദവിവരവും ഒരുമാസത്തിനകം സമർപ്പിക്കാൻ എം.ഡി. നിർദേശിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ.യാണ് ഇക്കാര്യം അറിയിച്ചത്.

അടങ്കൽ തയ്യാറാക്കിക്കഴിഞ്ഞാൽ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽനിന്ന്‌ ഭരണാനുമതിക്കും സാങ്കേതികാനുമതിക്കുമായി നടപടി സ്വീകരിക്കും.

ഇതേസമയം തന്നെ മുനിസിപ്പാലിറ്റി ടൗൺ പ്ലാനിങ്‌ വിഭാഗങ്ങളിലെ അംഗീകാരവും ലഭ്യമാക്കും.

കെട്ടിടത്തിന്റെ പരിപാലനം, ശുചീകരണം തുടങ്ങിയവയും കരാറിന്റെ ഭാഗമാക്കി കേരളത്തിലെ ഏറ്റവും വൃത്തിയുള്ള ബസ് ഡിപ്പോകളിലൊന്നായി പാലക്കാട് ഡിപ്പോയെ മാറ്റുമെന്നും എം.എൽ.എ. അറിയിച്ചു.

ഡിജിറ്റൽ അറിയിപ്പുകളും മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തും. റെയിൽവേ സ്റ്റേഷനുകളിലെ സ്മാർട്ട് വെയ്റ്റിങ് റൂമുകൾ മാതൃകയാക്കി ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രങ്ങളും പരിഗണനയിലുണ്ട്.

അന്തർസംസ്ഥാന ടെർമിനലിന്റെ നവീകരണത്തിന് എം.പി. ഫണ്ട് വിനിയോഗിക്കും. ‍

നടപടികൾ വേഗത്തിലായാൽ വരുന്ന വേനൽക്കാലത്തിന്‌ മുൻപുതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.

നിർമാണം ഘട്ടം ഘട്ടമായി

രണ്ട്‌ ഘട്ടങ്ങളിലായാണ് നിർമാണപ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 28 ബസ്സുകൾക്ക് ഒരേസമയം സർവീസ് നടത്താവുന്ന ബസ് ബേയും അന്തർസംസ്ഥാന ടെർമിനലും ഉൾപ്പെടും.

ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പുകേന്ദ്രം, ശൗചാലയ സമുച്ചയം, ടിക്കറ്റിങ്, എൻക്വയറി കൗണ്ടർ, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം, കെ.എസ്.ആർ.ടി.സി. ഓഫീസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽത്തന്നെ നിർമിക്കും.

വിശദവിവര റിപ്പോർട്ടിന് അനുബന്ധമായി രണ്ടാംഘട്ട നിർമാണത്തിനുള്ള രൂപരേഖയും തയ്യാറാക്കും. 15,000 ചതുരശ്രയടിയിൽ കഫ്റ്റീരിയ റസ്റ്റോറന്റുകൾ, മൂന്ന് സ്‌ക്രീനുകളിലായി 700 സീറ്റുകളുള്ള മൾട്ടിഫ്ളക്സ് തിയേറ്ററുകൾ, ഇതിനാവശ്യമുള്ള മൾട്ടി ലെവൽ പാർക്കിങ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും രണ്ടാംഘട്ടത്തിൽ ഉണ്ടായിരിക്കും. ഇതിനുള്ള ഫണ്ട് പുറമേനിന്നും കണ്ടെത്തണം.