പാലക്കാട്: ആറങ്ങോട്ടുകുളമ്പിൽ കാട്ടാനയിറങ്ങിയതിന്‌ പിന്നാലെ കൊട്ടാമുട്ടിയിലും രണ്ട് കാട്ടാനകൾ. ശനിയാഴ്ച ഉച്ചയോടെയാണ് കൊട്ടാമുട്ടി, ചുള്ളിമട കളപ്പാറ ഭാഗത്ത് രണ്ടാനകളിറങ്ങിയത്.

ചുള്ളിമട എൽ.പി. സ്കൂളിന് ഇരുപതടി അകലെവരെ ആനക്കൂട്ടമെത്തിയെങ്കിലും വനപാലകരുടെ സമയോചിത ഇടപെടലിൽ ആനകളെ ഉടൻ ഓടിക്കാനായി.

വൈകീട്ട് മൂന്നുമണിയോടെയാണ് രണ്ട് ആനകൾ കൊട്ടാമുട്ടിയിലെത്തിയത്. ആനയിറങ്ങിയ വിവരമറിഞ്ഞപ്പോൾ സ്കൂൾ വിടണമോയെന്ന ആശങ്കയിലായിരുന്നു ജീവനക്കാരും ഉദ്യോഗസ്ഥരും. എന്നാൽ, സ്കൂളിനടുത്തേക്ക് ആനയെത്തും മുമ്പ് വനപാലകരെത്തി ആനകളെ മാറ്റുകയായിരുന്നു. തുടർന്ന്, പടക്കം പൊട്ടിച്ച് സ്ഥലത്തുനിന്നും ഓടിച്ചു. വാളയാർ പോലീസും സ്ഥലത്തെത്തി.

റോഡ് മുറിച്ചുകടന്നുപോയ ആനകൾ കാടുകയറുന്നതിനിടെ കൊട്ടാമുട്ടിയിലെ ഐസക്കിന്റെ തൊഴുത്ത് തകർത്തു.

ഈസമയം രണ്ട്‌ പശുക്കൾ തൊഴുത്തിലുണ്ടായിരുന്നു. മായപ്പള്ളത്തെ കരിമ്പുകൃഷിയും നശിപ്പിച്ചു.

ആറങ്ങോട്ടുകുളമ്പിലെ ആനകളെ കഴിഞ്ഞദിവസം വല്ലടി ഭാഗത്തേക്ക് കയറ്റിയിരുന്നു. ഇവയെ ഉൾക്കാടു കയറ്റുന്നതിനിടെയാണ് മറ്റ്‌ രണ്ടാനകൾ കൊട്ടാമുട്ടിയിലിറങ്ങിയെന്ന വിവരമറിയുന്നത്.

കൊട്ടാമുട്ടിയിലിറങ്ങിയ ആനകളെ വൈകീട്ടോടെ ചുള്ളിമട ഭാഗത്ത് റെയിൽവേപ്പാളം കടത്തി വാളയാർഭാഗത്തെ കാട്ടിലേക്ക് കയറ്റി. എന്നാൽ, രാത്രി ഒന്പതുമണിയോടെ കൂട്ടത്തിൽ ഒരാന കാടിറങ്ങി. കളപ്പാറ ഭാഗത്താണ് ആനയിറങ്ങിയത്. ഇവ ജനവാസമേഖലയിലിറങ്ങാതിരിക്കാൻ വനപാലകർ കാവലുണ്ട്.