പാലക്കാട്: യാക്കര കാക്കത്തറയിൽ കണ്ണാടിപ്പുഴയോരം ഇടിഞ്ഞ സ്ഥലത്ത് തത്‌കാലം റെയിൽവേസ്ലീപ്പറുപയോഗിച്ച് മതിൽ നിർമിക്കും. 19-നാണ് വെള്ളം കുത്തിയൊഴുകി പുഴയോരം അരയേക്കറോളം ഇടിഞ്ഞുപോയത്.

തടയണയ്ക്കരികിൽ 30 മീറ്ററോളം നീളത്തിലാണ് കരയിടിഞ്ഞത്. ഒമ്പത് വീടുകളെയാണ് ബാധിച്ചത്. തെങ്ങ്, കവുങ്ങ്, തേക്ക് തുടങ്ങിയവ കടപുഴകി വീണിരുന്നു. കരയിടിഞ്ഞ ഭാഗത്ത് വളഞ്ഞാണ് സ്ലീപ്പർകൊണ്ട് മതിൽ പണിയുക. അമ്പതോളം മീറ്റർ നീളത്തിലാവും ഇത്. സ്ലീപ്പർ അടുക്കിവെക്കുമ്പോൾ വെള്ളം പൂർണമായി തടയാനാവിെല്ലങ്കിലും കുത്തൊഴുക്ക് ഒഴിവാക്കാനാവും. ഇനി മഴ കനത്താലും തുലാവർഷത്തിലും കൂടുതൽ പ്രശ്നമൊഴിവാക്കാനാണ് താത്‌കാലിക സംവിധാനം ഒരുക്കുന്നത്. പുഴയുടെ വീതിയും മറ്റും കണക്കാക്കി ശാശ്വത പരിഹാരത്തിന് പതുക്കെ നടപടിയുണ്ടാവും.

താത്‌കാലിക മതിൽ നിർമിക്കാൻ സ്പീപ്പറുകൾ എത്തിച്ചിട്ടുണ്ട്. റെയിൽവേ ഉപയോഗിച്ച് മാറ്റിയ സ്ലീപ്പറുകളാണ് നിർമാണത്തിനായി ഉപയോഗിക്കുക. പ്രാരംഭജോലി ആരംഭിച്ചിട്ടുണ്ടെന്ന് ജലസേചനവിഭാഗം എ.ഇ. ലെസ്ലി വർഗീസ് പറഞ്ഞു. ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനമുപയോഗിച്ചാണ് നിർമാണം.

കളക്ടറും ജലസേചനവിഭാഗം അധികൃതരും ഇടപെട്ടാണ് താത്‌കാലിക സംവിധാനം ഉണ്ടാക്കുന്നത്. പാലക്കാട് മെഡിക്കൽകോളേജിലേക്ക് ജലവിതരണത്തിനായി 2016-ലാണ് കണ്ണാടി-2 വില്ലേജിൽപ്പെട്ട സ്ഥലത്ത് തടയണ നിർമിച്ചത്. ഇവിെടനിന്ന് ജലവിതരണം ഇനിയും തുടങ്ങിയിട്ടില്ല. തടയണയുടെ വടക്കുകിഴക്ക് ഭാഗമാണ് പൊട്ടിയത്. സൈഡ് ബണ്ട് അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി പഞ്ചായത്തധികൃതർ ജലസേചനമന്ത്രിക്ക് പരാതി നൽകിയിരുന്നു.