പാലക്കാട്: മിലിട്ടറി എൻജിനീയറിങ് വിഭാഗം ജില്ലയിലെ രണ്ടാംദൗത്യവും പൂർത്തിയാക്കി. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ അങ്കണവാടി പാലമാണ് പ്രത്യേക ദൗത്യസംഘം പൂർത്തിയാക്കിയത്.

ആദിവാസികൾ ഉൾപ്പെടെ 35 കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന വലിയകാട് മായപ്പാറ കോളനിയിലേക്കുള്ള പാലം കനത്തമഴയിൽ ഒലിച്ചുപോയിരുന്നു. മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടതുപ്രകാരം സ്ഥലത്തെത്തിയ മിലിട്ടറി എൻജിനീയറിങ് വിഭാഗം മണിക്കൂറുകൾക്കുള്ളിൽ പാലം പുനർനിർമിച്ചു. നാട്ടുകാരും പൂർണമായി സഹകരിച്ചതായി ക്യാപ്റ്റൻ കുൽദീപ് സിങ് റാവത്ത് പറഞ്ഞു.

ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ, പഞ്ചായത്ത് ജീവനക്കാർ, സ്ഥലം എം.എൽ.എ. വി.എസ്. അച്യുതാനന്ദന്റെ പി.എ. അനിൽകുമാർ എന്നിവർ ദൗത്യത്തിൽ പങ്കുചേർന്നു. അട്ടപ്പള്ളം റോഡും മിലിട്ടറി എൻജിനീയറിങ് വിഭാഗം നാലുമണിക്കൂറിനകം പുനർനിർമിച്ചിരുന്നു.