പാലക്കാട്: സന്ധ്യമുതൽ പുലരുംവരെ മഞ്ഞ്, പകൽ കനത്തവെയിൽ... കുറച്ചു ദിവസമായി പാലക്കാട്ടെ കാലവസ്ഥയാണിത്. തുലാവർഷം പെയ്തിറങ്ങേണ്ട സമയത്താണ് ജില്ലയിൽ മഞ്ഞുപെയ്തിറങ്ങുന്നത്‌. സാധാരണ വൃശ്ചിക മാസത്തോടെ തുടങ്ങുന്ന മഞ്ഞുവീഴ്ച ഇക്കുറി നേരത്തെയാണ്. കാലവർഷക്കെടുതിക്ക്‌ തൊട്ടുപിറകെ അന്തരീക്ഷത്തിൽ വീണ്ടുമുണ്ടാകുന്ന

കാലാവസ്ഥാവ്യതിയാനം പെട്ടെന്നുള്ള രോഗങ്ങൾക്കും കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.

തുലാമാസത്തിൽ സാധാരണ വൈകുന്നേരങ്ങളിൽ മഴ ശക്തമായി ലഭിക്കാറുണ്ട്. ഇക്കുറി മാസാരംഭത്തിൽ മഴ ലഭിച്ചെങ്കിലും പിന്നീട് വിട്ടുനിന്നു. മാസങ്ങൾക്കുമുമ്പുണ്ടായ കാലവർഷത്തെത്തുടർന്ന് അണക്കെട്ടുകളിൽ വെള്ളമുണ്ടെങ്കിലും കൃഷിയാവശ്യത്തിനായി കരുതിയിരിക്കുന്ന വെള്ളം നിശ്ചിത ദിവസത്തേക്ക് മാത്രമാണുള്ളത്. തുലാവർഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും.

കാരണം അന്തരീക്ഷ ഈർപ്പം ഉയരുന്നത്

അന്തരീക്ഷ ഇൗർപ്പത്തിന്റെ അളവ് കൂടുന്നതാണ് മഞ്ഞുവീഴ്ചയ്ക്ക് കാരണം. രാവിലെ കാറ്റ് ശക്തമല്ലാത്തതും മഞ്ഞുവീഴ്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. കടലിൽനിന്നുള്ള കാറ്റ് കരയിലേക്ക് കൂടുതലായി എത്തുന്നതാണ് അന്തരീക്ഷത്ത ഇൗർപ്പം കൂടുന്നതിന് വഴിയൊരുക്കുന്നത്. കുറച്ചുദിവസംകൂടി പാലക്കാട്ട് മഞ്ഞുവീഴ്ച തുടർന്നേക്കാം. തുടർന്ന്, മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

- കെ. സന്തോഷ്, സംസ്ഥാന കാലാവസ്ഥാ നീരീക്ഷണകേന്ദ്രം ഡയറക്ടർ.