ഒറ്റപ്പാലം: പാലപ്പുറത്ത് യുവാവിനെ ഉളികൊണ്ട് തലയ്‌ക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലപ്പുറം ഐക്കലപ്പറമ്പ് ആലിക്കൽവീട്ടിൽ രാമദാസിനെയാണ്‌ (കുട്ടപ്പ-36) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. 2019 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. വാക്കുതർക്കത്തെത്തുടർന്ന് പാലപ്പുറം ചോലയിൽവീട്ടിൽ രാമദാസനെ (പൊന്നൻ) ഉളികൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു രാമദാസ്. തുടർന്ന്, ഒളിവിൽപ്പോയിരുന്ന പ്രതിയെ ഒറ്റപ്പാലം പോലീസ് കഴിഞ്ഞദിവസം കണ്ണൂരിലെ ഇരിക്കൂറിൽനിന്നാണ് പിടികൂടിയത്.

ഒറ്റപ്പാലം സി.ഐ. എം. സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. വിപിൻ കെ.വേണുഗോപാൽ, ടി.വി. അജിതൻ, കെ.സി. വിജയൻ, ദീപു എം. ഉണ്ണിത്താൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.