ഒറ്റപ്പാലം: മാലിന്യം തള്ളുന്നത് പിടികൂടാൻ നഗരസഭ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ പ്രവർത്തനം തുടങ്ങി. സ്ഥാപിച്ച് മൂന്നുമാസത്തിന് ശേഷമാണ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങിയത്. സ്ഥിരമായി മാലിന്യം തള്ളുന്ന എട്ടിടങ്ങളിലാണ് ക്യാമറകളുള്ളത്. ആരോഗ്യവിഭാഗമാണ് ദൃശ്യങ്ങൾ നിരീക്ഷിക്കുക. വേങ്ങരി ക്ഷേത്രപരിസരത്ത് പെട്ടിയോട്ടോറിക്ഷയിലെത്തി മാലിന്യം തള്ളുന്നത് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിനായി ആരോഗ്യവിഭാഗം പരിശോധന തുടങ്ങി.
പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം മരിയമ്മൻ കോവിൽ, സെവൻത് ഡേ, വേങ്ങേരി ക്ഷേത്രം, തോട്ടക്കര, പത്തൊമ്പതാം മൈൽ, എൻ.എസ്.എസ്. കോളേജ്, മായന്നൂർ പാലം എന്നിവയുടെ പരിസരങ്ങളിലാണ് ക്യാമറകളുള്ളത്.
പൊതുമേഖലാസ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രി കേരള ലിമിറ്റഡിന്റെ (സിൽക്ക്) നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. 15 ലക്ഷം രൂപയ്ക്കാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ പത്ത് ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യവിഭാഗം ഹെൽത്ത് സൂപ്പർവൈസർ വി. മണികണ്ഠൻ അറിയിച്ചു.
മാലിന്യം തള്ളിയാൽ മൊബൈലിൽ അറിയാം
വൈ-ഫൈ സംവിധാനം വഴി ക്യാമറകൾ നഗരസഭ ഓഫീസുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നഗരസഭയിലെ ടി.വിയിലും നഗരസഭാധ്യക്ഷന്റെയും സെക്രട്ടറിയുടെയും ഓഫീസ്, ആരോഗ്യവിഭാഗം ഓഫീസ് എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളിലും ക്യാമറാദൃശ്യങ്ങൾ കാണാനാകും. ഒപ്പം ‘ഹൈ കണക്ട്’ എന്ന ആപ്പ് വഴി മൊബൈലിലും ദൃശ്യങ്ങൾ കാണാം.
പിടിച്ചാൽ പിഴ; ആവർത്തിച്ചാൽ നിയമനടപടി
മാലിന്യം തള്ളുന്നത് പിടികൂടിയാൽ ഇനി നിഷേധിക്കാനാകില്ല. ക്യാമറകളിലെ ദ്യശ്യം തെളിവായെടുത്താണ് നടപടിയുണ്ടാവുക. പിടിക്കപ്പെട്ടാൽ ആദ്യതവണ 2000 രൂപയും അതിന്റെ 25 മുതൽ 50 ശതമാനംവരെ പിഴയും അടയ്ക്കേണ്ടിവരും. ഒപ്പം മാലിന്യം മാറ്റാനുള്ള ചെലവും ഈടാക്കും. ആവർത്തിച്ചാൽ പോലീസ് മുഖാന്തരം നിയമനടപടിയും നേരിടേണ്ടിവരും.
പോലീസിനും സഹായം
ഒറ്റപ്പാലത്ത് ക്യാമറകൾ സ്ഥാപിച്ചത് പോലീസിനും സഹായകരമാകും. ഒറ്റപ്പാലത്തെ പ്രധാനസ്ഥലങ്ങളിലെല്ലാം ക്യാമറയുള്ളതിനാൽ കുറ്റകൃത്യങ്ങൾ നടന്നാൽ തെളിവ് ശേഖരിക്കാൻ ഇതിലെ ദൃശ്യങ്ങൾ ഉപകാരപ്പെടും. മൊബൈൽ ആപ്പ് മുഖാന്തരം പോലീസിനും ദൃശ്യങ്ങൾ സുഗമമായി ശേഖരിക്കാനാകും.