ഒറ്റപ്പാലം: തുറസ്സായിക്കിടക്കുന്ന ഒറ്റപ്പാലം ബസ്‌സ്റ്റാൻഡിൽ അപകടസാധ്യത നിലനിൽക്കുന്നതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്‌പാക്) സംഘം. യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിനായി പദ്ധതി തയ്യാറാക്കാൻ പരിശോധനക്കെത്തിയ സംഘമാണ് അപകടസാധ്യതകൾ വിലയിരുത്തിയത്. നാറ്റ്‌പാക് സീനിയർ സൈന്റിസ്റ്റ് വി.എസ്. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗുരുതര ഗതാഗതപ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാറ്റ്‌പാക്. രാവിലെ സ്റ്റാൻഡിൽ തിരക്കുള്ളസമയത്താണ് സംഘം പരിശോധനയ്ക്കായെത്തിയത്. സ്റ്റാൻഡിൽ ട്രാഫിക് നിയമങ്ങളൊന്നും കൃത്യമായി പാലിക്കുന്നില്ല. അശാസ്ത്രീയമാണ് നടത്തിപ്പുകളെല്ലാം. തുറസ്സായിക്കിടക്കുന്ന സ്റ്റാൻഡിലേക്ക് ബസ്സുകൾ അമിതവേഗത്തിൽ പ്രവേശിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് പുറത്തുകടക്കാൻ സുരക്ഷിതമായ വഴിയൊന്നും ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഇതിനായി പഠനംനടത്തി പദ്ധതി തയ്യാറാക്കും. ബസ്‌സ്റ്റാൻഡിന്റെ പ്ലാനും മറ്റ് രേഖകളും നാറ്റ്‌പാക് സംഘത്തിന് നഗരസഭ കൈമാറി. ബസ്സുകൾക്കും യാത്രക്കാർക്കും വേർതിരിച്ചുള്ള വഴികളുണ്ടാവണം. അധികസമയം സ്റ്റാൻഡിൽ നിർത്തിയിടാത്ത ബസ്സുകൾക്ക് പ്രവേശനകവാടത്തിനടുത്തുതന്നെ ട്രാക്ക് നൽകണം. ഒപ്പം റെയിൽവേസ്റ്റേഷൻ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിച്ചാകും പുതിയ സുരക്ഷാപദ്ധതിയെന്ന് സീനിയർ സൈന്റിസ്റ്റ് വി.എസ്. സഞ്ജയ് കുമാർ പറഞ്ഞു.
നാറ്റ്‌പാക് സംഘം സുരക്ഷ മുൻനിർത്തിയുള്ള പദ്ധതിരേഖ തയ്യാറാക്കി ഒറ്റപ്പാലം ജോ. ആർ.ടി.ഒ.ക്ക് സമർപ്പിക്കും. പിന്നീട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടിയശേഷം നഗരസഭയുടെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക.
നാറ്റ്‌പാക് ടെക്‌നിക്കൽ ഓഫീസർ വി.ജി. ശശി, പ്രോജക്ട് എൻജിനീയർ അഭിൻ ജോസഫ്, ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി, ജോ. ആർ.ടി.ഒ. സി. മോഹനൻ, ഒറ്റപ്പാലം സി.ഐ. പി. അബ്ദുൾമുനീർ, എം.വി.ഐ. എ.കെ. രാജീവൻ എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.