ഒറ്റപ്പാലം: രണ്ടരവർഷം പിന്നിട്ടിട്ടും കടമ്പഴിപ്പുറത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. കണ്ണുകുറിശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് 2016 നവംബർ 15നാണ്. ദമ്പതിമാരുടെ കൊലപാതകം എന്തിനുവേണ്ടിയായിരുന്നെന്ന് പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ലോക്കൽ പോലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കേസിൽ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനുമില്ല. പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.ക്കാണ് നിലവിൽ അന്വേഷണച്ചുമതല.
കടമ്പഴിപ്പുറത്തെ കണ്ണുകുറിശ്ശിയിലെ വീട്ടിൽ രാവിലെ ആളനക്കമില്ലാത്തതുകണ്ട് റബ്ബർവെട്ടാനെത്തിയ സമീപവാസിയാണ് നാട്ടുകാരോട് വിവരം പറയുന്നത്. തുടർന്ന്, ശ്രീകൃഷ്ണപുരംപോലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് പരിശോധിക്കുമ്പോഴാണ് രണ്ടുപേരെ മരിച്ചനിലയിൽ കാണുന്നത്. വീടിന്റെ അടുക്കളവശത്തെ ഓടിളക്കി അകത്തുകയറിയയാൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നായിരുന്നു നിഗമനം.
പരിശോധന നടത്തിയ പോലീസിന് ഒന്നിലധികംപേരുടെ വിരലടയാളരേഖകൾ കണ്ടെത്താനായി. കിണറിൽനിന്ന് കൊലചെയ്യാൻ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മടവാളും വടിയും ടോർച്ചും ലഭിച്ചു. വീടിനകത്ത് കയറിയവർ തെളിവുനശിപ്പിക്കാൻ വീടിനകത്ത് ഫിനോയിൽ കലർത്തിയ വെള്ളമൊഴിച്ചതും പോലീസിനെ വട്ടം കറക്കി. ശ്രീകൃഷ്ണപുരംപോലീസിന്റെ അന്വേഷണം പോരെന്നുപറഞ്ഞ് പ്രദേശവാസികളും ചില സംഘടനകളും പ്രതിഷേധമായി രംഗത്തെത്തി. പിന്നീട് ക്രൈംബാഞ്ചിന് കൈമാറി.
അന്വേഷണം കൈമാറിയിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞു. 190 പേരുടെ മൊഴിയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പരിശോധിച്ചു. എന്നിട്ടും ഒരു പ്രതിയെപ്പോലും കണ്ടെത്താൻ പോലീസിനായില്ല. അന്വേഷണം ഇപ്പോഴും നടക്കുന്നെന്ന മറുപടിയാണ് ക്രൈംബ്രാഞ്ചിൽനിന്നുള്ളത്.