ഒറ്റപ്പാലം: അവധിചോദിച്ച അധ്യാപികയെ തെറിപറഞ്ഞ ചുനങ്ങാട് എസ്.ഡി.വി.എം.എ.എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപകൻ സ്‌കൂളിൽ തുടരരുതെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതിനൽകി. രക്ഷിതാക്കളും നാട്ടുകാരുംചേർന്ന 129 പേർ ഒപ്പിട്ടാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കും എ.ഇ.ഒ.യ്‌ക്കും മാനേജർക്കും എ.ഇ.ഒ.യ്‌ക്കും പരാതിനൽകിയത്.

പ്രധാനാധ്യാപകനോട് സഹകരിക്കുന്നയാളും സസ്‌പെൻഡ് ചെയ്യപ്പെട്ടതുമായ അറബിക്‌ അധ്യാപകനും സ്‌കൂളിൽ തുടരരുതെന്നും പരാതിയിൽ ആവശ്യമുണ്ട്. ഈ അധ്യാപകർ ഇനിയും തുടർന്നാൽ സ്‌കൂളിലേക്ക് തങ്ങളുടെ മക്കളെ അയക്കേണ്ടെന്നാണ് തീരുമാനമെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ 12-നാണ് അവധിചോദിച്ച അധ്യാപികയെ പ്രധാനാധ്യാപകൻ കേട്ടാലറയ്‌ക്കുന്ന തെറി വിളിച്ചത്. തുടർന്ന്, അധ്യാപിക പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് ജാമ്യംനേടിയെങ്കിലും സ്‌കൂൾ മാനേജർ ഇയാളെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

തെറികേട്ട് കുഴഞ്ഞുവീണ അധ്യാപികയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മാനേജരെ കൈയേറ്റം ചെയ്‌തെന്ന ആരോപണവിധേയനായ സ്‌കൂളിലെ അറബിക്‌ അധ്യാപകനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഈ രണ്ട് സസ്‌പെൻഷനും വിദ്യാഭ്യാസവകുപ്പ് ശരിവെക്കുകയും ചെയ്തിരുന്നു. ഇവരുടെ സസ്‌പെൻഷൻ കാലാവധി ഈ വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പരാതിയുമായി രക്ഷിതാക്കളുൾെപ്പടെയുള്ളവർ വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചിട്ടുള്ളത്.

തങ്ങളുടെ മക്കളുടെ ഭാവി നശിപ്പിക്കാൻ സമ്മതിക്കില്ലെന്നും ഇവർ തുടർന്നാൽ മറ്റ് സ്‌കൂളുകളിലേക്ക് മക്കളെ മാറ്റേണ്ടിവരുമെന്നും പരാതിയിൽ പറയുന്നു. ഈ അധ്യാപകർക്കെതിരേ വകുപ്പുതലനടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജരും വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

Content Highlights: palakkad ottappalam chunangad sdvm alp school parents against head master and arabic teacher