പാലക്കാട്: തിരുപ്പിറവിയുടെ കൗതുകംനിറച്ച സ്റ്റാമ്പുകളുടെ അപൂർവ ശേഖരമുള്ള മിടുക്കനാണ് എട്ടാംക്ലാസുകാരനായ മാനവ്ദേവ്. അരനൂറ്റാണ്ട് മുതലുള്ള ക്രിസ്‌മസ് സ്റ്റാമ്പുകളുണ്ട് ഈ 13കാരന്റെ ശേഖരത്തിൽ. ന്യുസീലൻഡ് 1968-ൽ പുറത്തിറക്കിയ പുൽക്കൂടിന്റെചിത്രമുള്ള ക്രിസ്‌മസ് പ്രത്യേക സ്റ്റാമ്പാണ് ശേഖരത്തിൽ ഏറ്റവും പഴക്കമേറിയത്.

ന്യുസീലൻഡിന് പുറമേ കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ആന്റിഗ്വ, ബർമുഡ, ഘാന, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ക്രിസ്‌മസ് സ്റ്റാമ്പുകളുണ്ട്. ഉണ്ണിയേശുവിന്റെയും തിരുക്കുടുംബത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്റ്റാമ്പുകളിൽ സാന്റാക്ലോസും മാലാഖമാരും ആട്ടിടയൻമാരുമെല്ലാം നിറയുന്നുണ്ട്.

ക്രിസ്‌മസ്സിനുപുറമെ ചരിത്രശേഷിപ്പുകളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം സ്റ്റാമ്പുകളുള്ള മറ്റൊരുശേഖരം മാനവിനുണ്ട്. കല്ലേക്കാട് നന്ദകുമാറിന്റെയും രമ്യ ലക്ഷ്മിയുടെയും മകനാണ് മാനവ്. പാലക്കാട് ലയൺസ്‌ സ്കൂൾ വിദ്യാർഥിയാണ്.