പാലക്കാട്: വ്യാഴാഴ്ച വോട്ടെണ്ണൽ നടന്ന മുണ്ടൂർ വേലിക്കാട്ടുള്ള ആര്യനെറ്റ് കോളേജിലേക്ക് പ്രവർത്തകരേക്കാൾ മുമ്പെത്തിയത് സ്ഥാനാർഥികളായിരുന്നു. ആറരയോടെ ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യ ഹരിദാസാണ് ആദ്യമെത്തിയത്. അനിൽ അക്കരെ എം.എൽ.എ.യും മുൻ എം.എൽ.എ. പി.എ. മാധവനും ഒപ്പമുണ്ടായിരുന്നു. ഏഴരയോടെ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനും കടന്നുവന്നു.

എൽ.ഡി.എഫിന്റെ പാലക്കാട് സ്ഥാനാർഥി എം.ബി. രാജേഷും ആലത്തൂർ സ്ഥാനാർഥി പി.കെ. ബിജുവും പാലക്കാട്ടെ പാർട്ടി ഓഫീസിലിരുന്നാണ് വോട്ടുനില മനസ്സിലാക്കിയത്. ഇടതുമുന്നണിയുടെ നേതാക്കൾ മാത്രമാണ് കോളേജിലെത്തിയിരുന്നത്. എൻ.ഡി.എ. സ്ഥാനാർഥികളായ സി. കൃഷ്ണകുമാറും ടി.വി. ബാബുവും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയില്ല.

രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങിതോടെ കേന്ദ്രസേനാംഗങ്ങളും പോലീസും ചേർന്ന് കോളേജിനകത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള നിയന്ത്രണം ശക്തിപ്പെടുത്തി. വോട്ടെണ്ണൽ ആരംഭിച്ചതോടെ തത്സമയം വിവരങ്ങളറിയാനായി രണ്ടാംനിലയിലുള്ള മീഡിയാ റൂമിലായിരുന്നു രമ്യ ഹരിദാസിരുന്നത്. വോട്ടെണ്ണുന്ന മുറികളിലേക്ക് ഓടിനടക്കുന്ന തിരക്കിലായിരുന്നു ഡി.സി.സി. പ്രസിഡന്റുകൂടിയായ വി.കെ. ശ്രീകണ്ഠൻ. വോട്ടുനിലയിൽ യു.ഡി.എഫ്. മുന്നേറാൻ തുടങ്ങിയതോടെ യു.ഡി.എഫ്. പ്രവർത്തകർ കോളേജിലേക്കെത്തിത്തുടങ്ങി. രണ്ട് സ്ഥാനാർഥികളുടെയും ഭൂരിപക്ഷം താഴാതിരുന്നതോടെ കോളേജിന് മുന്നിലെത്തിയവരിൽ ആവേശം നിറഞ്ഞു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് രമ്യയുടെ ഭൂരിപക്ഷം ഒന്നരലക്ഷമെത്തിയത്. മീഡിയാമുറിയിലെ കസേരയിലിരുന്ന് ടി.വി. കാണുകയായിരുന്ന രമ്യയുടെ മുഖത്ത് ഇതോടെ ചെറുപുഞ്ചിരി നിറഞ്ഞു. രണ്ടേമുക്കാലോടെ വിജയമുറപ്പിച്ച രമ്യ, മീഡിയാറൂമിൽനിന്ന് പുറത്തിറങ്ങിയതോടെ പ്രവർത്തകരിൽ ആഹ്ലാദം അണപൊട്ടി. മധുരംപങ്കിട്ടും മുദ്രാവാക്യങ്ങൾ മുഴക്കിയും അവർ ആഘോഷമാക്കി. ഇതിനിടെ, മാധ്യമങ്ങളോട് സംസാരിച്ച രമ്യ, വോട്ടർമാരുടെയും ആലത്തൂരിന്റെയും വിജയമാണിത് എന്നായിരുന്നു പ്രതികരിച്ചത്. വിജയത്തിൽ സന്തോഷമറിയിച്ച രമ്യ, പാട്ടുപാടണമെന്ന പ്രവർത്തകരുടെ ആവശ്യത്തിനും സമ്മതംമൂളി. ‘കരുണാമയനേ കാവൽവിളക്കേ’ എന്ന പാട്ടായിരുന്നു വിജയത്തിനുശേഷമുള്ള രമ്യയുടെ ആദ്യ പാട്ട്.

അതിനിടെ, ശ്രീകണ്ഠനും വിജയമുറപ്പിച്ചു. ശ്രീകണ്ഠന്റെ വിജയംകൂടി അറിഞ്ഞതോടെ കൂടുതൽ യു.ഡി.എഫ്. പ്രവർത്തകർ കോളേജിലേക്കെത്തി. മൂന്നുമണിയോടെ വോട്ടെണ്ണൽ ഹാളിൽനിന്ന് കോളേജിന് പുറത്തേക്കെത്തിയ ശ്രീകണ്ഠനെ അണികൾ തോളിലേറ്റി. കുഴലൂതിയും മുദ്രാവാക്യം വിളിച്ചും അവർ ആവേശം തീർത്തു. പാലക്കാട്ടെ ജനങ്ങൾ ഒപ്പമുണ്ടെന്നും പ്രവചനങ്ങളെല്ലാം അപ്രസക്തമായെന്നുമായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം. വികസനങ്ങൾക്കായി ഇനി പാലക്കാട്ടുകാർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.