കോയമ്പത്തൂർ: തമിഴ്നാട്ടിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എസ്.പി. വേലുമണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. പ്രതിഷേധം. എം.എൽ.എ.യും മുൻമന്ത്രിയും ഉൾപ്പെടെ നാനൂറിലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ചെന്നൈ നഗത്തിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. ഹോട്ടലുകൾ, സ്കൂളുകൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം പൂട്ടലിന്റെ വക്കിലാണ്. ജലസ്രോതസ്സുകൾ വറ്റിയതോടെ കുടിവെള്ളമെത്തിക്കാൻ സർക്കാരും ബുദ്ധിമുട്ടുകയാണ്. എന്നാൽ, ജലക്ഷാമം നേരിടാൻ മുൻകൂട്ടി ഒരു നടപടിയും ഉണ്ടായില്ലെന്നാരോപിച്ചാണ് ഡി.എം.കെ. പ്രതിഷേധിച്ചത്.
കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വാദം തെറ്റാണെന്നാണ് മന്ത്രി എസ്.പി. വേലുമണി പറയുന്നത്. പ്രശ്നം അതിരൂക്ഷമായതോടെയാണ് ഡി.എം.കെ. പ്രതിഷേധം കടുപ്പിച്ചത്.
കോയമ്പത്തൂരിലെ പല മേഖലയിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. കോയമ്പത്തൂർ കോർപറേഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധ ധർണ. കുടിവെള്ളം തരൂ എന്നെഴുതിയ ബോർഡ് പിടിച്ച് 100 സ്ത്രീകൾ ധർണയ്ക്ക് മുന്നിലണിനിരന്നു. 15 മുതൽ 20 ദിവസത്തിലൊരിക്കൽ മാത്രമാണ് കുടിവെള്ളം കിട്ടുന്നതെന്ന് ധർണയിൽ പങ്കെടുത്തവർ പറഞ്ഞു.
എൻ. കാർത്തിക് എം.എൽ.എ., മുൻമന്ത്രി പൊങ്കലൂർ പളനിസ്വാമി എന്നിവർ നേതൃത്വം നൽകി. അനുമതിയില്ലാതെ പ്രകടനംനടത്തിയതിന് ഇവരുൾപ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്തായിരുന്നു ധർണ. അതുകൊണ്ടുതന്നെ ഗതാഗതതടസ്സവുമുണ്ടായി.