അയിലൂർ: ഗ്രാമം ബ്രാഹ്മണ സംഘത്തിന്റെ നേതൃത്വത്തിൽ അഖിലേശ്വര ക്ഷേത്രത്തിലെ തിരുവാതിര രഥോത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച കാലത്ത് പൂർണാഭിഷേകത്തോടെയാണ് ഉത്സവച്ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്ന്, കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി എഴുന്നള്ളത്ത് നടന്നു. പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രഥത്തിലേക്ക് എഴുന്നള്ളത്ത് നടത്തി. വൈകീട്ട് നാലോടെ രഥപ്രയാണം തുടങ്ങി.

ക്ഷേത്രത്തിലെ പ്രദക്ഷിണവീഥിയിലായിരുന്നു രഥപ്രയാണം. അയിലൂർ പഴയ ബസ് സ്റ്റാൻഡിൽനിന്ന് പാണ്ടിമേളത്തിന്റെയും തുടർന്ന് പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് ആരംഭിച്ച് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി. രാത്രി കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർ, അയിലൂർ അഖിൽ മാരാർ എന്നിവരുടെ ഇരട്ടത്തായമ്പകയും ഉണ്ടായി.