ഒറ്റപ്പാലം: അവധി ചോദിച്ചതിന് അധ്യാപികയെ അസഭ്യംപറഞ്ഞ സംഭവത്തിൽ പോലീസ് അറസ്റ്റുചെയ്ത പ്രധാനാധ്യാപകന്റെ ജാമ്യക്കാര്യത്തിൽ വാദംകേൾക്കൽ പൂർത്തിയായി. വിധിപറയാനായി ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. നിലവിൽ ഇടക്കാലജാമ്യത്തിലാണ് അറസ്റ്റിലായ ചുനങ്ങാട് പിലാത്തറ എസ്.ഡി.വി.എം.എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപകനായ ഉദുമാൻകുട്ടി.
സ്ത്രീകളെ ലൈംഗിക ഉദ്ദേശ്യത്തോടെ ശല്യംചെയ്യുകയും അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ, കഴിഞ്ഞദിവസം ഇടക്കാല ജാമ്യം നൽകിയ സാഹചര്യത്തിൽനിന്ന് വിരുദ്ധമായ ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണം 90 ശതമാനത്തോളം പൂർത്തിയാവുകയും ചെയ്തെന്നും ഇനി റിമാൻഡ് ചെയ്യേണ്ട സ്ഥിതിയില്ലെന്നും വാദമുയർന്നു. അധ്യാപികയുടെ കൈയിൽക്കയറി പിടിച്ചതുൾെപ്പടെ മുഖ്യമായ വകുപ്പുകളാണ് കേസിനുള്ളതെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ ജാമ്യമനുവദിക്കരുതെന്നും പ്രോസിക്ക്യൂഷനും വാദിച്ചു. തുടർന്ന്, ജാമ്യക്കാര്യത്തിൽ വിധിപറയാനാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.50-നാണ് ഉച്ചയ്ക്കുശേഷം അവധിചോദിച്ചെത്തിയ അധ്യാപികയെ പ്രധാനാധ്യാപകനായ അമ്പലപ്പാറ പടിപ്പുരയ്ക്കൽവീട്ടിൽ ഉദുമാൻകുട്ടി അസഭ്യംവിളിക്കുന്നത്. കേട്ടാലറയ്‌ക്കുന്ന അസഭ്യം ഫോണിൽ റെക്കോഡ്ചെയ്ത അധ്യാപിക പോലീസിൽ വോയ്‌സ് ക്ലിപ്പ് സഹിതം പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്തതോടെ പ്രധാനാധ്യാപകനെ സ്‌കൂൾ മാനേജർ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. കുറ്റാരോപിതനായ പ്രധാനാധ്യാപകനെതിരേ അന്വേഷണം തുടങ്ങിയെന്നും മറ്റ് നടപടികൾ അന്വേഷണം പൂർത്തിയായശേഷം തീരുമാനിക്കുമെന്നും ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ അറിയിച്ചു.