കിഴക്കഞ്ചേരി: വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ പ്രവേശിച്ച് ഭരണം നേടിയെടുക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിക്കുസമീപം പോലീസ് തടഞ്ഞു. 1934-ലെ മലങ്കരസഭ ഭരണഘടനയനുസരിച്ച് പള്ളി ഓർഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പള്ളിയിൽ പ്രവേശിക്കാനെത്തിയത്. ശനിയാഴ്ചരാവിലെ 10 മണിയോടെയാണ് സംഭവം.

ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറാതിരിക്കാനായി അഞ്ഞൂറോളം യാക്കോബായ വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടിയിരുന്നു. വാൽക്കുളമ്പിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള പനങ്കുറ്റി ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽനിന്ന് വികാരി ഫാ. കുര്യാച്ചൻ മാത്യു, ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസന സെക്രട്ടറി ഫാ. ബേബി പോൾ, മുൻ വികാരി ഫാ. മത്തായി തൊഴുത്തിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാൽനടയായി നൂറോളം പേർ വാൽക്കുളമ്പ് പള്ളിയിലേക്ക് പുറപ്പെട്ടു. സംഘർഷസാധ്യത കണക്കിലെടുത്ത് ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പോലീസുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. കണ്ണീർവാതകമുൾപ്പെടെ കരുതിവെച്ചിരുന്നു.

പള്ളിക്കുസമീപമെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ പോലീസ് തടഞ്ഞതിനെത്തുടർന്ന് നിയമപരമായ മർഗത്തിലൂടെ പള്ളിയുടെഭരണം നേടിയെടുക്കുമെന്നുപ്രഖ്യാപിച്ച് വൈദികരും വിശ്വാസികളും പിരിഞ്ഞു. കോടതിയുത്തരവുപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണ്‌ സെന്റ് തോമസ് പള്ളിയെന്ന് വൈദികർ വാദിച്ചെങ്കിലും ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശമില്ലാത്തതിനാൽ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ എത്തിയിരുന്നെങ്കിലും വാൽക്കുളമ്പ് പള്ളിയിലേക്ക് വന്നില്ല. ഓർത്തഡോക്സ് വിഭാഗം വർഷങ്ങൾക്കുമുമ്പ് പള്ളി വിട്ടുപോയതാണെന്ന് സെന്റ് തോമസ് യാക്കോബായ പള്ളിവികാരി ഫാ. ബിജു മൂങ്ങാംകുന്നേൽ പറഞ്ഞു. ഇപ്പോൾ പള്ളി പിടിച്ചെടുക്കാൻ നടത്തുന്ന നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നൂറിലധികം യാക്കോബായ കുടുംബങ്ങൾ പതിറ്റാണ്ടുകളായി ആരാധനനടത്തുന്നത് സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ്.