പാലക്കാട്: ഫോർമലിൻ കലർത്തിയ മീൻ വിപണിയിലെത്തുന്നുവെന്ന വാർത്ത വന്നതോടെ സ്തംഭനാവസ്ഥയിലായിരുന്ന മീൻ വിപണി പതിയെ സജീവമാകുന്നു. പുഴയിൽനിന്നും ഡാമുകളിൽനിന്നും കുളങ്ങളിൽനിന്നുമുള്ള മത്സ്യം വലിയ തോതിൽ വിപണിയിലെത്താൻ തുടങ്ങിയതോടെയാണ് മീൻവിപണി വീണ്ടും സജീവമായത്. മുൻകാലങ്ങളെ അപേക്ഷിച്ച് ശുദ്ധജലമത്സ്യങ്ങളുടെ വിലയും ഉയർന്നിട്ടുണ്ട്.

സിലോപ്പിയ, കട്‌ള, രോഹു തുടങ്ങിയ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നാണ് ഇവയെത്തുന്നത്‌. സിലോപ്പിയക്ക് കിലോഗ്രാമിന്‌ 140 രൂപയാണ് വില, കട്‌ള, റോഹു ഇനങ്ങൾക്ക് 120 മുതലാണ് വില. നാടൻ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറിയതോടെ ശുദ്ധജല മത്സ്യക്കൃഷിയും സജീവമാണ്. ടൺ കണക്കിന് ശുദ്ധജല മത്സ്യമാണ് ഇപ്പോൾ വിപണിയിലെത്തുന്നത്.

അതേസമയം മത്തി അടക്കമുള്ള കടൽമീൻ ഇനങ്ങൾ വിപണിയിൽ ആവശ്യത്തിനെത്തുന്നുണ്ടെങ്കിലും ഫോർമലിൻ പേടിമൂലം ആളുകൾ മുഖംതിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. ഒരു കിലോ മത്തിക്ക്‌ 120 രൂപയാണ് വിപണിവില. ജില്ലയിൽ ഏറ്റവുമധികം ചെലവാകുന്ന മത്സ്യയിനമായ ചെമ്പല്ലിക്ക് ആവശ്യക്കാരുണ്ടെങ്കിലും ട്രോളിങ് നിരോധനമുള്ളതിനാൽ ഇപ്പോൾ വിപണിയിലെത്തുന്നില്ല.

രാസമാലിന്യം കലർത്തിയ മീൻ വിപണിയിലെത്തുന്ന പ്രശ്നം ഏറ്റവുമധികം ബാധിച്ചത് ചെറുകിട കച്ചവടക്കാരെയായിരുന്നു. പലരുടെയും കച്ചവടം പൂർണമായും നിലച്ചിരുന്നു. രണ്ടുദിവസമായി ജില്ലയിൽ ഭേദപ്പെട്ട കച്ചവടം ലഭിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞദിവസം പുതുനഗരം, പാലക്കാട് എന്നിവിടങ്ങളിലെ മത്സ്യച്ചന്തകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു.