പാലക്കാട്: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട്. റോഡിലെ കുഴികൾ വെള്ളം വന്ന് നിറഞ്ഞതോടെ ബൈക്ക് യാത്രികരടക്കമുള്ളവരുടെ യാത്ര ദുരിതത്തിലായി.
വെള്ളക്കെട്ടുമൂലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും യാത്രക്കാർ പാടുപെട്ടു. നഗരത്തിലെ ഒാടകളിൽ പലയിടത്തും ഒഴുക്ക് നിലച്ചതിനാൽ മലിനജലം റോഡിലേക്കൊഴുകിയത് കാൽനടയാത്രക്കാരെയും വെട്ടിലാക്കി. ജി.ബി. റോഡിലെ ഒാടകൾ നിറഞ്ഞൊഴുകിയത് റോഡിൽ വെള്ളക്കെട്ടിനിടയാക്കി. മഴ എത്തിയാൽ നഗരത്തിലെ വെള്ളക്കെട്ട് പതിവുകാഴ്ചയാണ്. അശാസ്ത്രീയ റോഡ് നിർമാണവും, ഒാടകളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമാണ് പ്രധാനകാരണം. മഴക്കാലം തുടങ്ങിയപ്പോൾ ഒാടകൾ നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നെങ്കിലും വീണ്ടും പഴയപടിയാവുകയായിരുന്നു.
മഴ കനത്തതോടെ മണ്ണാർക്കാട് നഗരത്തിൽ പലസ്ഥലങ്ങളിലും വെള്ളം കയറി. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ വീണ് അഴുക്കുചാലുകൾ അടഞ്ഞതോടെ കടകളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്.
കുതിരാനിൽ റോഡിന്റെ അടിഭാഗം ഇടിഞ്ഞ് അപകടഭീഷണി നിലനിൽക്കുന്ന ഭാഗത്ത് കൈവരികൂടി തകർന്നു. ഇതോടെ അപകടഭീഷണി ഇരട്ടിയായി.