പാലക്കാട്: അട്ടപ്പാടി ചെമ്മണ്ണൂരിൽ വനംവകുപ്പിന്റെ ജീപ്പ് ഭവാനിപ്പുഴയിൽവീണ് മരിച്ച അട്ടപ്പാടി റേഞ്ച് ഓഫീസർ ശർമിള ജയറാമിന് (32) പാലക്കാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച പാലക്കാട് ടൗൺഹാളിലെത്തിച്ച ഭൗതിക ശരീരം നാലുമണിക്കൂറോളം പൊതുദർശനത്തിന് െവച്ചശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകീട്ട് നാലുമണിയോടെ ഐവർമഠത്തിലാണ് സംസ്‌കരിച്ചത്. ശർമിളയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്.

പാലക്കാട് കള്ളിക്കാട്ടെ വീട്ടിൽനിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് പൊതുദർശനത്തിനായി ആംബുലൻസിൽ മൃതദേഹം ടൗൺഹാളിലെത്തിച്ചത്. മൃതദേഹം കണാനെത്തിയവരിൽ പലരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. സഹപ്രവർത്തകരായ ഉദ്യോഗസ്ഥർക്കും വിഷമമടക്കാനായില്ല. ശർമിളയുടെ കുടുംബാംഗങ്ങൾ മുഴുവനും ടൗൺഹാളിലുണ്ടായിരുന്നു.

ടൗൺഹാൾവേദിക്ക് താഴെയാണ് മൃതദേഹം പൊതുദർശനത്തിന് െവച്ചത്. വി.കെ. ശ്രീകണ്ഠൻ എം.പി., സംസ്ഥാന സർക്കാരിനുവേണ്ടി വനംവകുപ്പ് മേധാവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്.) പി.കെ. കേശവൻ, വനംവകുപ്പ് മന്ത്രിക്കുവേണ്ടി അസി. പ്രൈവറ്റ് സെക്രട്ടറി അജയകുമാർ ആവള, പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോർത്തേൺ റീജിയൺ രാജേഷ് രവീന്ദ്രൻ, ഈസ്റ്റേൺ റീജിയൺ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി. പ്രമോദ്, വൈൽഡ് ലൈഫ് സി.സി.എഫ്. അഞ്ജൻകുമാർ, മണ്ണാർക്കാട് ഡി.എഫ്.ഒ. സുനിൽകുമാർ, പാലക്കാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ എൻ. ശിവരാജൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ വി. ചാമുണ്ണി എന്നിവരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

ഉച്ചയ്ക്ക് ഒരുമണിയോടെ മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷം വനംവകുപ്പിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന്, മൃതദേഹം ഐവർമഠത്തിലേക്ക് കൊണ്ടുപോയി.

ഡിസംബർ 24-നാണ് ചെമ്മണ്ണൂർപാലത്തുനിന്ന് ശർമിള ജയറാം സഞ്ചരിച്ചിരുന്ന ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞത്. ശർമിളയ്‌ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ മുക്കാലിസ്വദേശി ഉബൈദ് കഴിഞ്ഞ 26-ന് ചികിത്സയിലിരിക്കെ മരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ശർമിള വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ന് വനംവകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസിലും അനുശോചന യോഗം നടത്തും.