പാലക്കാട്: കഞ്ചിക്കോട്ടെ ടയർ പുനർനിർമാണ കമ്പനിയിൽ വൻതീപ്പിടിത്തം. കാട്ടുതീയിൽനിന്ന്‌ പടർന്നുണ്ടായതാണ്‌ തീ. ന്യൂ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിലെ മാളിയേക്കൽ ഫ്ലവർ മില്ലിനുസമീപം പ്രവർത്തിക്കുന്ന പാലക്കാട് ഗോൾഡൻ ഹോളിപാക്ക് പ്രൈവറ്റ് ലിമിറ്റഡിലാണ് തീപ്പിടിത്തമുണ്ടായത്.

കമ്പനിയുടെ പരിസരത്ത് കൂട്ടിയിട്ടിരുന്ന പഴയ ടയറുകളിലാണ് തീ പിടിച്ചത്. ഇത് പൂർണമായും കത്തിനശിച്ചു. കമ്പനിക്കുസമീപം കാട്ടിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന്‌ തീ പടർന്ന്‌ കമ്പനിയിലെ ടയറുകളിലേക്കെത്തുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയാണ് കന്പനിയുടെ ഉടമസ്ഥൻ.

ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് കമ്പനിയിലെ ജീവനക്കാർ പുറത്തുപോയിരിക്കയായിരുന്നു. ടയർ പുനർനിർമിക്കുന്നതിനായി പഴയ ടയറുകൾ പൊളിച്ച് പൊടിച്ചാണ് ഇതിനായുള്ള അസംസ്കൃതവസ്തുക്കളുണ്ടാക്കുന്നത്. ഇങ്ങനെ പൊളിക്കുന്നതിനായി സൂക്ഷിച്ചിരുന്ന പഴയ ടയറുകളാണ് തീപ്പിടിത്തത്തിൽ പൂർണമായും കത്തിനശിച്ചത്.

കമ്പനിക്കകത്തേക്ക് തീ വ്യാപിക്കുമ്പോഴേക്കും അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി തീ അണച്ചു. സ്ഥാപനത്തിനകത്തേക്കും തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്നും കഞ്ചിക്കോട് അഗ്നിരക്ഷാസേനാ അധികൃതരറിയിച്ചു.

നാല് അഗ്നിരക്ഷാസേനാ യൂണിറ്റെത്തിയാണ് തീ അണച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാസേനയാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. ഒരു യൂണിറ്റിന് മാത്രമായി തീ അണയ്ക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കഞ്ചിക്കോട്ടുനിന്ന്‌ മറ്റൊരു യൂണിറ്റും എത്തിച്ചു. കൂടാതെ, പാലക്കാട്, ചിറ്റൂർ അഗ്നിരക്ഷാ സേനയേയും വിവരമറിയിക്കുകയായിരുന്നു. പാലക്കാടുനിന്നെത്തിയ സേന വെള്ളത്തിനൊപ്പം പതയും അടിച്ചതോടെയാണ് തീ നിയന്ത്രണവിധേയമായത്. നാല് യൂണിറ്റുകളും ചേർന്ന് മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.