പാലക്കാട്: ബിരിയാണി കഴിക്കുക അത്ര പാടുള്ള കാര്യമല്ല. എന്നാൽ ഒരുകിലോ അരിയുടെ ബിരിയാണി കഴിക്കണം. അതും ഏറ്റവും കുറഞ്ഞ സമയംകൊണ്ട്. ഞായറാഴ്ച ജോബീസ് മാളിൽ സംഘടിപ്പിച്ച ബിരിയാണി തിന്നൽ മത്സരത്തിന്റെ മാനദണ്ഡമായിരുന്നു അത്. തുടക്കംമുതൽ ഒടുക്കംവരെ ആവേശം നിറച്ച മത്സരത്തിൽ ഒൻപതുവയസ്സുകാരി ദിയയും 11-കാരി ശ്രേയയുമടക്കം ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 350 പേരാണ് പങ്കെടുത്തത്.
ഗ്രീൻവാലി ഒാഫ് പാലക്കാടും ബഫെ ലോഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 85 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സംവിധാനമൊരുക്കി അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 1.36 സെക്കന്റിൽ ബിരിയാണി കഴിച്ചുതീർത്ത് എലുപ്പുള്ളി സ്വദേശി ആദർശ് ഒന്നാം സമ്മാനമായ 10,000 രൂപ സ്വന്തമാക്കി.
1.56 സെക്കന്റിൽ പൂർത്തിയാക്കി പിരായിരി സ്വദേശി വിനോദ് രണ്ടാംസ്ഥാനവും 1.58 സെക്കന്റിൽ കഴിച്ചുതീർത്ത് മലപ്പുറം സ്വദേശി ബാപ്പുകോയ മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് ജോബീസ് മാൾ മാനേജിങ് ഡയറക്ടർ മീന ജോബി സമ്മാനങ്ങൾ വിതരണംചെയ്തു.
Content Highlights: Palakkad, Biriyani eating competition