പാലക്കാട്: ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കും പിന്നാലെ കാഞ്ഞങ്ങാട്ട് കലോത്സവവേദിയിലെ സ്വർണക്കപ്പുയർത്തിയ സന്തോഷത്തിലാണ് പാലക്കാട്. ഒപ്പം ഒരു ഉത്തരവാദിത്വവും ചേർത്തുവെക്കുന്നുണ്ട് ഈ വിജയം. തുടർച്ചയായി രണ്ടുവർഷത്തെ സ്വർണക്കപ്പ് നേട്ടം 2020ൽ കൊല്ലത്തുകൂടി കിരീടംെവച്ചാൽ ഹാട്രിക് വിജയം. ആ സ്വപ്നനേട്ടം കൈവരിക്കാനുള്ള പരിശീലനം വരാനിരിക്കുന്ന പരീക്ഷക്കാലം കഴിഞ്ഞാലുടൻ തുടങ്ങണമെന്നതാണ് ആദ്യ നിർദേശമായി മുതിർന്ന കലാകാരന്മാർ പറയുന്നത്.

അപ്പീലുകൾ കുന്നുകൂടാതിരിക്കാൻ...

670 കുട്ടികളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ പാലക്കാട്ടുനിന്ന്‌ വണ്ടികയറിയത്. കൂടാതെ അപ്പീലുകൾ വഴിയേ പോയവർ വേറെയും. 207 അപ്പീലുകളാണ് ജില്ലയിൽ ലഭിച്ചത്. ഇവയിൽ 21 എണ്ണം മാത്രമാണ് സംസ്ഥാനതലത്തിലേക്ക് അനുവദിച്ചത്. നൃത്ത ഇനങ്ങളിലാണ് കൂടുതൽ അപ്പീലുകളെത്തിയത്. ഇതിന് കാരണം വിധിനിർണയത്തിലെ അപാകമാണെന്നാണ് ആക്ഷേപം. വിധികർത്താക്കളുടെ യോഗ്യതക്കുറവ് മത്സരത്തിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അടുത്തവർഷംമുതൽ തീരുമാനമെടുക്കുമെന്ന് ഡി.ഡി.ഇ. പി. കൃഷ്ണൻ പറയുന്നു.

കൃത്യത, വ്യക്തത, നിലവാരം

മത്സരം എപ്പോൾത്തുടങ്ങി എപ്പോൾ അവസാനിക്കണം, പരിശീലനം എപ്പോൾ തുടങ്ങണം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഒാരോ കലോത്സവത്തിനും ഉണ്ടാകുന്നത്. സംഘാടകസമിതിയുടെ പിഴവുകൾക്ക് കുട്ടികളാണ് ഇരകളാവുന്നത്. ഇത്തവണ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ ഒരുദിവസംപോലും രാവിലെ കൃത്യസമയത്ത് മത്സരങ്ങൾ തുടങ്ങിയില്ല. ഫലമോ... രാത്രി 12മണി കഴിഞ്ഞും മത്സരം തുടർന്നു. സമാപനദിവസം നേരത്തേ നിശ്ചയിച്ചതനുസരിച്ച് സമാപന സമ്മേളനം നടത്തി അതിഥികൾ മടങ്ങിയിട്ടും വേദികളിൽ മത്സരം തുടർന്നു. രാത്രി വൈകി സംഘനർത്തകരെ വിളിച്ചുണർത്തി സ്റ്റേജിലേക്കെത്തിക്കേണ്ടി വരുന്നു. കഥകളിവേഷക്കാരുടെയും കഥ മറിച്ചല്ല. ഇതിന് പരിഹാരമുണ്ടാവണമെന്ന് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. ചെലവ് ചുരുക്കണം

ഒരുലക്ഷംരൂപവരെ ചെലവഴിച്ചാണ് ഇനങ്ങളിൽ പലതും സ്റ്റേജിലെത്തുന്നത്. ഇത് മാറണമെന്നാണ് 2000-ത്തിലെ സംസ്ഥാന സ്കൂൾ കലോത്സവ കലാപ്രതിഭ പി.കെ. ധനൂപ് പറയുന്നത്. വസ്ത്രത്തിലാണ് ഒരു മത്സരാർഥിയുടെ കഴിവ് എന്നുള്ള ധാരണ തെറ്റാണ്. 15,000 രൂപയുടെ സാരി ധരിച്ചെത്തുന്ന മത്സരാർഥിക്ക് ഒരുപക്ഷേ, അത് വാങ്ങാനുള്ള ശേഷിയുണ്ടാകുമോ എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്. പ്രാക്ടീസ് സാരിധരിച്ചും നൃത്തംചെയ്യാം, അലങ്കാരങ്ങൾ അധികം ആവശ്യമില്ല. കൂടെ ഇനത്തിനെക്കുറിച്ചുള്ള അറിവളക്കാൻ ഒരു അഭിമുഖവുമാവാം. അതിനപ്പുറമുള്ളതെല്ലാം വെറും മോടിക്കുമാത്രമാണെന്ന് ധനൂപ് പറയുന്നു.

നമ്മൾ മത്സരിക്കാത്ത രണ്ടിനങ്ങൾ

ഹൈസ്കൂൾവിഭാഗം കേരളനടനത്തിലും നാദസ്വരത്തിലും മത്സരിക്കാൻ ജില്ലാ-സംസ്ഥാന തലങ്ങളിൽ പാലക്കാടിന് ആരുമുണ്ടായിരുന്നില്ല.

കലാമുന്നേറ്റം വീണ്ടും നടപ്പാക്കാൻ ആലോചിക്കും-

ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾതോറും നടപ്പാക്കിയ കലാമുന്നേറ്റം വീണ്ടും നടപ്പാക്കാൻ ആലോചിക്കും. എല്ലാവർക്കും മികച്ച പരിശീലനം നൽകും -കെ. ബിനുമോൾ (ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ)