പാലക്കാട്: നഗരത്തിൽ നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്ച നടത്തിയ പരിശോധനയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം, ഡോ. കൃഷ്ണൻസ്മാരക പാർക്ക് പരിസരം, മുനിസിപ്പൽ സ്റ്റാൻഡ് പരിസരം, പൂക്കാരത്തെരുവ്, ഒലവക്കോട് റെയിൽവേസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചു. മാസങ്ങളായി കച്ചവടംനടത്താതെ നടപ്പാതയിൽ ഉപേക്ഷിച്ചുപോയ എട്ട് തട്ടുകടകൾ നഗരസഭാവളപ്പിലേക്ക് മാറ്റി.
ഉപേക്ഷിക്കപ്പെട്ട തട്ടുകടകളിൽ കാടുപിടിച്ച് പാമ്പുകളെയും കണ്ടുവെന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
കളക്ടറുടടെ നിർദേശത്തിന്റെയും കൗൺസിൽയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ. ഒഴിപ്പിക്കപ്പെട്ട സ്ഥലത്ത് ഇനിയും കൈയേറ്റം അനുവദിക്കില്ലെന്നും തുടർപരിശോധനയുണ്ടാവുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഴിപ്പിക്കുന്നതിന് മുന്നോടിയായി സ്ഥലങ്ങളിലെത്തി കച്ചവടക്കാർക്ക് നിർദേശം നൽകിയിരുന്നെന്നും പറയുന്നു. ഇത് മുഖവിലക്കെടുക്കാതെ കച്ചവടം നടത്തിയവരുടെ കടകളാണ് നീക്കിയത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടിയിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥർ താക്കീതുനൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു ലൂയിസ്, കെ. വേലായുധൻ, റിയാസുൽ റഹ്മാൻ, ഇ.കെ. രാജേഷ്, അബ്ദുൾഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹൻദാസ്, നിഷ, ബുഷ്റ തുടങ്ങിയവർ പരിശോധനയ്ക്കും കൈയേറ്റം ഒഴിപ്പിക്കലിനും നേതൃത്വംനൽകി.
ആശുപത്രി പരിസരത്ത് പ്രത്യേക നിരീക്ഷണം
ജില്ലാ വനിതാ-ശിശു ആശുപത്രി പരിസരങ്ങളിൽ ഇനി പ്രത്യേക നിരീക്ഷണമുണ്ടാകും. കൈയേറ്റം പൂർണമായും ഒഴിപ്പിക്കലാണ് ലക്ഷ്യം. ആശുപത്രിയിലേക്കെത്തുന്ന രോഗികളെയും ഗർഭിണികളെയും കൈക്കുഞ്ഞുമായെത്തുന്നവരെയും ആശുപത്രിപരിസരങ്ങളിലെ കൈയേറ്റവും പാർക്കിങ്ങും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രാത്രികാല സ്ക്വാഡ് പരിശോധന
രാത്രിയിൽ പൊതുനിരത്തിലും മറ്റും മാലിന്യംതള്ളുന്നവരെ കണ്ടെത്താൻ രാത്രികാലപരിശോധന വീണ്ടും തുടങ്ങി. ഒരു ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമാണ് വാഹനങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തുക. ഓരോ ദിവസത്തേക്കും പ്രത്യേക സ്ക്വാഡും രൂപവത്കരിച്ചു.