പാലക്കാട്: അസൗകര്യങ്ങൾക്ക് നടുവിൽ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന സപ്ലൈകോയ്ക്ക് ഒടുവിൽ സ്ഥിരം കെട്ടിടമായി. സ്റ്റേഡിയം സ്റ്റാൻഡിന് എതിർവശത്തുള്ള നഗരസഭയുടെ പുതിയ കെട്ടിടത്തിലാണ് സപ്ലൈകോ പ്രവർത്തനമാരംഭിക്കുന്നത്. 8000 സ്ക്വയർ ഫ്ലീറ്റിലുള്ള കെട്ടിടം വാടകയ്ക്കാണ് എടുത്തിരിക്കുന്നത്. 10-ന് വൈകീട്ട് അഞ്ചിന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷനാകും. രണ്ട് നിലകളിലായാണ് പുതിയ സപ്ലൈകോ കെട്ടിടം പ്രവർത്തിക്കുകയെന്നും സപ്ലൈകോ അധികൃതറിയിച്ചു.
പലചരക്ക് സാധനങ്ങൾ, മിക്സി, വാഷിങ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയവയെല്ലാം സപ്ലൈകോയുടെ പുതിയ കെട്ടിടത്തിലുണ്ടാകും.
പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് സപ്ലൈകോ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെയുണ്ടായിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് താത്കാലിക സംവിധാനമെന്ന നിലയ്ക്കാണ് സപ്ലൈകോ മാറ്റിയത്.
ഇതോടെ സപ്ലൈകോയുടെ കച്ചവടത്തിൽ വൻനഷ്ടമുണ്ടായി. ഈ നഷ്ടമെല്ലാം ഇനി നികത്താനാവുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ അധികൃതർ.