വടക്കഞ്ചേരി: പതിമൂന്ന് ദിവസം കഴിഞ്ഞാൽ മണ്ഡലകാലം തുടങ്ങും. എന്നിട്ടും കുതിരാൻ കുരുങ്ങിത്തന്നെ. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ശബരിമല തീർഥാടകർക്ക് കുതിരാൻ കടന്നുവേണം പോകാൻ. മണ്ഡലമാസം തുടങ്ങുന്ന 17-നുമുമ്പ് കുതിരാൻപാതയിലെ കുഴികൾ പൂർണമായും അടച്ചില്ലെങ്കിൽ ശബരിമലതീർഥാടകർ കുരുക്കിൽ കുരുങ്ങും. തീർഥാടനകാലം തുടങ്ങുന്നതോടെ വാഹനങ്ങളുടെ എണ്ണം ചുരുങ്ങിയത് 20ശതമാനം കൂടും. നിലവിൽ പ്രതിദിനം ശരാശരി 25,000 വാഹനങ്ങളാണ് കുതിരാൻവഴി കടന്നുപോകുന്നത്. മണ്ഡലകാലത്ത് ഇത് 30,000 ആകും. റോഡ് തകർച്ചയെത്തുടർന്ന് സാധാരണ ദിവസങ്ങളിൽപ്പോലും കുതിരാനിൽ കുരുക്ക് പതിവാണ്. ശനിയാഴ്ച കുഴിയടയ്ക്കൽ തുടങ്ങിയെങ്കിലും ഒരുദിവസം പിന്നിട്ടപ്പോഴേക്കും നിലച്ചു.
ഇരുമ്പുപാലംഭാഗത്ത് 250 മീറ്റർ മാത്രമാണ് പൂർത്തിയായത്. ഞായറാഴ്ച തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ടാർ-മെറ്റൽ മിശ്രിതമായ ബിറ്റുമിൻ ഉപയോഗിച്ചാണ് അടച്ചതെങ്കിലും ഒറ്റദിവസംകൊണ്ട് ഇതും തകർന്നുതുടങ്ങി. യാത്രക്കാരുടെ കണ്ണിൽ പൊടിയിടാനായി കാട്ടിക്കൂട്ടുന്ന പ്രഹസനം മാത്രമാണ് കുഴിടയ്ക്കലെന്ന ആരോപണവും ശക്തമായി. വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ കുഴിടയ്ക്കുന്നതിനായി ദേശീയപാതാ അതോറിറ്റി 2.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നോച്ച് ഇന്ത്യ പ്രോജക്ട് എന്ന കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്.
ഇവർ തുടങ്ങാൻ വൈകുന്നതിനാൽ ദേശീയപാതാ അതോറിറ്റിയുടെ സമ്മർദത്തെത്തുടർന്ന് വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതാ നിർമാണക്കമ്പനിയായ കെ.എൻ.ആർ.സി.യാണ് തത്കാലം ജോലി ചെയ്യുന്നത്. ദേശീയപാതാ കൺസൾട്ടൻസിയായ ഐ.സി.ടി.ക്കാണ് മേൽനോട്ടച്ചുമതല. പ്ലാന്റ് കേടായതിനാലാണ് ഞായറാഴ്ച ജോലി ചെയ്യാതിരുന്നതെന്ന് കെ.എൻ.ആർ.സി. അധികൃതർ പറഞ്ഞു. കുഴിയടയ്ക്കുന്നതിന്റെ പണം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനെത്തുടർന്ന് മനഃപൂർവം വൈകിപ്പിക്കയാണെന്ന ആക്ഷേപവും ഉണ്ട്. ഒക്ടോബർ മൂന്നിന് വടക്കഞ്ചേരിയിൽ കെ.എൻ.ആർ.സി.യുടെ നേതൃത്വത്തിൽ ബിറ്റുമിൻ ഉപയോഗിച്ച് ടാറിങ് നടത്തിയിരുന്നെങ്കിലും ഇത് പൂർണമായി തകർന്ന നിലയിലാണ്.
കുതിരാനിൽ പൂർണമായി ടാറിങ് നടത്തുമെന്ന് തൃശ്ശൂർ കളക്ടർ നേരത്തേ അറിയിച്ചിരുന്നെങ്കിലും കുഴിയടയ്ക്കലിന് മാത്രമാണ് ടെൻഡർ നൽകിയിട്ടുള്ളതെന്ന് ദേശീയപാതാ അതോറിറ്റി. വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ മൊത്തം നാല് കിലോമീറ്റർ കുഴിയടച്ച് ടാറിങ് നടത്തുന്നതിനെ കുതിരാനിലെ നാല് കിലോമീറ്ററാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. പൂർണമായി ടാറിങ് നടത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ദേശീയപാതാ അതോറിറ്റിയുമായി ചർച്ചനടത്തുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.