ചിറ്റൂർ: കോരയാർപ്പുഴയിൽ പട്ടത്തലച്ചി ഭാഗത്തെ തടയണയുടെ വശം തകർന്ന്‌ വെള്ളം പാഴാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ മണ്ണിടിഞ്ഞാണ്‌ തടയണയുടെ ഒരുഭാഗം തകർന്നതെന്ന് കർഷകർ പറഞ്ഞു.

കഴിഞ്ഞ സീസണിലുണ്ടായ പേമാരിയിൽ തടയണ തകർന്നപ്പോൾ ജില്ലാ പഞ്ചായത്ത്‌ അറ്റകുറ്റപ്പണി നടത്തി ജലസംഭരണം നടത്തിയിരുന്നു.

എലപ്പുള്ളി പഞ്ചായത്തിൽ എടുപ്പുകുളം, നെയ്‌തല, പട്ടത്തലച്ചി, ഉപ്പുതോട്‌, കൈതക്കുഴി തുടങ്ങി 20-ഓളം പാടശേഖരങ്ങളിൽ 250-ലേറെ ഏക്കറിൽ ഈ തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ്‌ കൃഷി ചെയ്യുന്നത്‌.

തടയണയിൽ വെള്ളം നിൽക്കുമ്പോൾ കിണർ, കുഴൽക്കിണർ, കുളം എന്നീ ജലസ്രോതസ്സുകളിൽ ജലവിതാനം താഴാറില്ല. മൂലത്തറയിൽനിന്ന്‌ കോരയാർപ്പുഴയിലേക്ക്‌ വിടുന്ന വെള്ളമാണ്‌ പട്ടത്തലച്ചി തടയണയിൽ സംഭരിച്ച്‌ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത്‌.

യുദ്ധകാലാടിസ്ഥാനത്തിൽ തടയണയുടെ പൊട്ടിയ ഭാഗം നന്നാക്കിയില്ലെങ്കിൽ നെൽക്കൃഷിക്കും മറ്റ്‌ കൃഷികൾക്കും വെള്ളം കിട്ടാതെവരും. കുടിവെള്ളത്തെയും ബാധിക്കുമെന്ന്‌ കർഷകൻ സമ്പത്ത്‌ പറയുന്നു.

പട്ടത്തലച്ചിയിൽ തടയണയുടെ ഒരുവശം തകർന്നത്‌ ഉടനെ നേരെയാക്കി വെള്ളം പാഴാകാതെ സംഭരിക്കുമെന്ന്‌ ജില്ലാ പഞ്ചായത്തംഗം ചിന്നസ്വാമി പറഞ്ഞു.