പാലക്കാട്: പ്രളയത്തിലും ഉരുൾപൊട്ടലിലും പുല്ലും നെൽക്കൃഷിയും വ്യാപകമായി നശിച്ചതോടെ വയനാട്ടിലെ ക്ഷീരകർഷകർക്ക് പശുവളർത്താൻ നെന്മാറയിൽനിന്ന് സഹായം. പശുക്കൾക്ക് തീറ്റയ്ക്കാവശ്യമായ രണ്ടുലോറി വയ്ക്കോലാണ് വയനാട്ടിലേക്ക് അയച്ചുകൊടുത്തത്.

പ്രളയത്തിലകപ്പെട്ട മൃഗങ്ങൾക്ക് സഹായമെത്തിക്കാൻ നേതൃത്വംനൽകി കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് മാതൃകയായത്.

വയ്ക്കോൽ കയറ്റിയ ലോറികളുടെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച നെന്മാറയിൽ കെ. ബാബു എം.എൽ.എ. നിർവഹിച്ചു. ഡോ. ബി. ബിജുവിന്റെ നേതൃത്വത്തിൽ കെ.ജി.വി.ഒ.എ. ജില്ലാ ഭാരവാഹികളും കർഷകരും ചടങ്ങിൽ സംബന്ധിച്ചു.

പുല്ലും നെൽക്കൃഷിയും നശിച്ചതോടെ പശുക്കൾക്ക് ഭക്ഷണത്തിനാവശ്യമായ സഹായം ആവശ്യപ്പെട്ട് വയനാട്ടിലെ ക്ഷീര കർഷകരും വെറ്ററിനറി ഡോക്ടർമാരും കെ.ജി.വി.ഒ.എ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു.

സംഭരണശാലകളിൽ സൂക്ഷിച്ചിരുന്ന വയ്ക്കോൽ നെന്മാറയിലെ കർഷകരിൽനിന്നാണ് വാങ്ങിയത്. കെ.ജി.വി.ഒ.എ. പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് വയ്ക്കോൽ വാങ്ങിയതെന്ന് ഡോ. ബി. ബിജു പറഞ്ഞു.