പൂക്കോട്ടുകാവ്: മണ്ണിടിച്ചിൽഭീതിയിലാണ് പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ വാഴൂർ ഗ്രാമം. കുന്നിൻമുകളിലുള്ള കയറാട്ടുപറമ്പ് കോളനി നിവാസികളും കുന്നിനടിവാരത്തുള്ള നിവാസികളും ഉരുൾപൊട്ടൽഭീഷണിയിലാണ്‌ കഴിയുന്നത്. കഴിഞ്ഞയാഴ്ച കാലവർഷത്തിൽ ചെറുമലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. പ്രദേശത്തെ വീടുകളിൽ കൂറ്റൻ പാറക്കല്ലുകളും ചെളിയും മണ്ണുംവന്നടിഞ്ഞിട്ടുണ്ട്. കോളനിയിലേയും അടിവാരത്തേയും നിരവധി വീടുകളുടെ തറ ഇളകി.

തൃക്കടീരി ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന കൂനൻമലയുടെ എതിർവശത്താണ് ചെറുമല. മലയുടെ മുകളിലുള്ള കയറാട്ടുപറമ്പ് കോളനിക്കാരുടെ വീടിന്‌ സമീപത്തുനിന്നാണ് വലിയ പാറക്കല്ലുകളും മണ്ണും താഴേയ്ക്കടർന്നുവീണത്‌.

വേലായുധന്റെ വീടിനരികെ വലിയ പാറക്കല്ല് കിടക്കുന്നുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ഈ പ്രദേശത്തുനിന്ന്‌ എട്ട്‌ കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിരുന്നു. രണ്ട്‌ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിപ്പോയി. ഇപ്പോൾ എല്ലാവരും വീടുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

കൂനൻ മലയുടെ അടിഭാഗമായ കൂമ്പൻപാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട്‌ വീടുകൾ തകർച്ചാഭീഷണിയിലാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷിതമായ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്നാണ് കയറാട്ടുപറമ്പ് കോളനിക്കാരുടെ ആവശ്യം. ജിയോളജിക്കൽ വിഭാഗം അധികൃതർ സ്ഥലത്ത് പരിശോധന നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.