ലക്കിടി: മഴക്കെടുതിയുടെ ബാക്കിപത്രമായി അമ്പലപ്പാറ ആനക്കല്ല് പച്ചീരിക്കാട് റോഡും തോട്ടുപാലവും. പ്രളയത്തിൽ മുളഞ്ഞൂർ തോട് ഗതിമാറി ഒഴുകിയതോടെയാണ്‌ പ്രദേശം ദുരിതത്തിലായത്.

തോട് കരകവിഞ്ഞതോടെ ആനക്കല്ല്-പച്ചീരിക്കാട് റോഡ് ഒലിച്ചുപോയി. ടാർ ചെയ്ത അപ്രോച്ച്‌ റോഡും തകർന്നു. തകർന്ന തോട്ടുപാലത്തിനുസമീപം 10 അടിയിലേറെ താഴ്ചയിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഈവഴി കാൽനടയാത്ര പോലും ദുഷ്കരമാണ്‌.

കർഷകർക്കും വലിയ നാശനഷ്ടമാണുണ്ടായത്. കൃഷിയാവശ്യങ്ങൾക്കായി തോടരികിൽ സ്ഥാപിച്ചിരുന്ന മോട്ടോർ പുരകളും മോട്ടോറുകളും വെള്ളമെടുത്തു. തോടരികിലെ എട്ട്‌ മോട്ടോർ പുരകൾ നശിച്ചു. പ്രദേശത്തെ വിളകൾ വ്യാപകമായി നശിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി, നെല്ല് തുടങ്ങി നൂറുകണക്കിനേക്കർ കൃഷി നശിച്ചിട്ടുണ്ട്.

പടിപ്പുരക്കാട് മുസ്തഫ, കൃഷ്ണൻ പശ്ചീരിക്കാട്, ജമാൽ, ബിനോയ് ആലുമൂട്ടിൽ, ചിന്നക്കുട്ടൻ, മാധവൻ, തങ്കമണി, കുമാരൻ എന്നിവരുടെ കൃഷിയാണ്‌ വ്യാപകമായി നശിച്ചത്. കൃഷിനശിച്ചവർക്ക് അടിയന്തരസഹായം നൽകണമെന്നും പ്രളയത്തിൽത്തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.