ആലത്തൂർ: മഴ കനത്തതോടെ വറ്റിരവരണ്ടുകിടന്ന ഗായത്രിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. തടയണകൾ നിറഞ്ഞ് നീരൊഴുക്കുതുടങ്ങി. ആലത്തൂർ എടാമ്പറമ്പ് തടയണപ്പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. മഴ പെയ്യാതിരുന്നപ്പോഴും തടയണയിൽ ജലശേഖരം ഉണ്ടായിരുന്നു. ഒന്നുരണ്ടുദിവസമായി മഴ ശക്തമായതോടെയാണ് തടയണനിറഞ്ഞ് മുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയത്. ആലത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്രധാന കുടിവെള്ളപദ്ധതിയുടെ സ്രോതസ്സാണ് ഈ തടയണ.
ആലത്തൂരിൽനിന്ന് വെങ്ങന്നിയൂർ, പറക്കുന്നം, നെല്ലിക്കാട്, ചുള്ളിമട, മാരാക്കാവ് പ്രദേശങ്ങളിലേക്കുള്ള യാത്രാമാർഗം കൂടിയാണിത്. തടയണയ്ക്കുമുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങളിൽ ചിലർ സാഹസികയാത്ര നടത്തുന്നുണ്ട്. ഇവിടെ വെള്ളം കയറാത്തവിധം ഉയരമുള്ള പാലം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി വരികയാണ്. ഗായത്രിപ്പുഴയിലെ മറ്റ് തടയണകളും നിറഞ്ഞ് വെള്ളം മുകളിലൂടെയാണ് ഒഴുകുന്നത്.