പാലക്കാട്: നഗരാതിർത്തിയിലെ പഞ്ചായത്തുകളിൽ മാത്രമല്ല നഗരസഭാപരിധിയിലെ കുടിവെള്ളവിതരണ പൈപ്പുകളും മാറ്റാനൊരുങ്ങി ജല അതോറിറ്റി. നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന മൂത്താന്തറ, മാട്ടുമന്ത, കൽമണ്ഡപം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവിതരണ പൈപ്പുകളാണ് മാറ്റുന്നത്.

ഇതിനായി ശനിയാഴ്ചയോടെ പത്തിലധികം ലോഡ് പൈപ്പുകളാണ് എത്തിയിരിക്കുന്നത്. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജല അതോറിറ്റി അധികൃതർ പൈപ്പുകൾ മാറ്റുന്നത്. മാട്ടുമന്ത ഭാഗത്തേക്കുള്ള പൈപ്പുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

നിലവിലുള്ള ജലവിതരണ സംവിധാനത്തിന് ഏതാണ്ട്‌ 60 വർഷത്തിലധികം പഴക്കമുണ്ട്.

അതിനാൽത്തന്നെ ചെളിയടഞ്ഞും പൈപ്പുകൾ പൊട്ടിയും ചോർച്ചയുണ്ടായും വെള്ളം പാഴാകുന്നത് കൂടുതലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ്‌ വിവിധ സ്ഥലങ്ങളിലെ പൈപ്പുകൾ മാറ്റുന്നത്. ശേഖരീപുരം-കൽമണ്ഡപം ബൈപ്പാസിലും പാലക്കാട്-മലമ്പുഴ നൂറടിറോഡ് എന്നിവിടങ്ങളിലും പൈപ്പുകൾ മാറ്റുന്നതിനുള്ള പണി പുരോഗമിക്കുന്നുണ്ട്.