പാലക്കാട് : യാക്കര തോട്ടുപാലത്തെ ഫർണിച്ചർ കടയിലും ഇലക്‌ട്രിക്കൽ വർക്‌ഷോപ്പിലും വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകീട്ട് 3.30ഓടെയുണ്ടായ തീപ്പിടിത്തത്തിൽ കടകൾ പൂർണമായും കത്തിനശിച്ചു. ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയും നൗഫലിന്റെ ഇലക്‌ട്രിക്കൽ വർക്‌ഷോപ്പുമാണ് കത്തിനശിച്ചത്.

കട കത്തിയതും ഗൃഹോപകരണങ്ങൾ കത്തിയതുമടക്കം ബാലകൃഷ്ണന് ഏകദേശം 1,30,000 രൂപയുടെയും നൗഫലിന് 20,000 രൂപയുടെയും നഷ്ടമുണ്ടായിരിക്കുമെന്ന് പാലക്കാട് അഗ്നിരക്ഷസേനാ വിഭാഗം അധികൃതരറിയിച്ചു. സമീപത്തെ കടകളിലേക്കും തീപടർന്നിരുന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.

പാലക്കാട് അഗ്നിരക്ഷസേനാ വിഭാഗത്തിലെ രണ്ട് യൂണിറ്റെത്തി ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് കാരണമായിരിക്കാം തീപ്പിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷസേനാ അധികൃതർ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ രാജസുബ്രഹ്മണ്യം, ലീഡിങ് ഫയർമാൻ നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.