പാലക്കാട്: വെറുതെയൊന്ന് കോട്ടമൈതാനത്ത് നടക്കാൻ പോവുന്നവർക്ക് ഇനി ശരീരസംരക്ഷണത്തിലും അരക്കൈ നോക്കാം. മികച്ച സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന തുറന്ന ജിംനേഷ്യം അവസാനവട്ട ഒരുക്കങ്ങളിലാണ്. വ്യായാമങ്ങൾക്കും വിശ്രമിക്കാനും തുടങ്ങി എല്ലാ സൗകര്യങ്ങളും ഓപ്പൺ ജിംനേഷ്യത്തിലുണ്ട്‌.

രാവിലെ 4.30 മുതൽ 10 വരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയാണ് ജിംനേഷ്യം പ്രവർത്തിക്കുക. സ്ത്രീകൾക്കായി പ്രത്യേക സജ്ജീകരണങ്ങളുമുണ്ടാകും. ജിമ്മുകളിൽ ഉപയോഗിക്കുന്നതരം വ്യായാമോപകരണങ്ങളാണ് ഇവിടെയുമുള്ളത്. ഉപകരണങ്ങൾ പൂർണമായും സ്ഥാപിച്ചുകഴിഞ്ഞു.

നഗരസഭക്കായിരിക്കും ജിമ്മിന്റെ നടത്തിപ്പുചുമതല. പ്രവേശനം സൗജന്യമാണ്. എം.ബി. രാജേഷ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 16.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ജിംനേഷ്യത്തിൽ പെയിന്റിങ്‌ അടക്കമുള്ള അവസാനവട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്.

പാലക്കാട് കൂടാതെ, പട്ടാമ്പി, കേരളശ്ശേരി, മുണ്ടൂർ, കോങ്ങാട്‌ തുടങ്ങിയയിടങ്ങളിലും ജിം നിർമ്മിക്കുന്നുണ്ട്. ഇവയുടെ പണികൾ 2019 ജനുവരിയോടെ തീരും. അതത്‌ സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. അഞ്ചിന് നടക്കുന്ന ചടങ്ങിൽ ജിംനേഷ്യം പൊതുജനങ്ങൾക്കായി തുറന്നുനൽകും.