ഷൊർണൂർ: വേനലെത്തുംമുമ്പേ ഭാരതപ്പുഴ വരണ്ടതോടെ തടയണയുടെ ഷട്ടറുകൾ അടച്ചു. പ്രളയത്തിനുമുമ്പ് തടയണയുടെ ഷട്ടറുകൾ തുറന്നിരുന്നു. പിന്നീട് ഷട്ടറുകൾ അടയ്ക്കാത്തതിനാൽ വെള്ളം സംഭരിക്കാനായില്ല. കഴിഞ്ഞയാഴ്ചയാണ് തടയണയിലെ മണൽ നീക്കംചെയ്ത് ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിച്ചുതുടങ്ങിയത്. നേരിയതോതിൽ ഒഴുക്കുള്ളതിനാൽ തടയണ ഒരാഴ്ചയ്ക്കകം തന്നെ നിറഞ്ഞു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഷൊർണൂരിൽ പുഴയും തടയണയുമാണ് ആശ്വാസം. പ്രളയത്തിനുശേഷം തുലാമഴയും ലഭിക്കാത്തതിനാൽ പുഴ വരണ്ടുകിടക്കയായിരുന്നു. തടയണയുള്ളതിനാൽ മണലിനടിയിൽ വെള്ളമുണ്ടെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. പുഴയിലെ കിണറുകളിലും പമ്പ് ഹൗസിന് സമീപത്തും നിലവിൽ വെള്ളമുള്ളതിനാൽ കുടിവെള്ള വിതരണത്തിനായി ലഭിക്കുന്നുണ്ട്.

പുഴയിലെ വെള്ളം കുറഞ്ഞാൽ വിതരണത്തിനാവശ്യമായ വെള്ളം ലഭിക്കുമോ എന്ന ആശങ്കയുണ്ടായതിനെത്തുടർന്നാണ് ഷട്ടറുകളടച്ച് വെള്ളം സംഭരിച്ചത്. വെള്ളവും തടയണയുമെല്ലാമായെങ്കിലും ജലവിതരണശൃംഖലയുടെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ നീട്ടലും മോട്ടോറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. കുടിവെള്ള പദ്ധതിക്കുള്ള ശുചീകരണപ്ലാന്റ് നിർമാണവും നടക്കയാണ്. പൈപ്പ് ലൈനിന്റെയും ശുചീകരണപദ്ധതിയുടെയും നിർമാണം പൂർത്തിയായാൽ മാത്രമേ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകൂ. തടയണ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല.