പാലക്കാട്: ജില്ലാ ആശുപത്രി എ.ആർ. മേനോൻ ബ്ലോക്ക് കെട്ടിടത്തിന്റെ അരക്ഷിതാവസ്ഥയെത്തുടർന്ന് കെട്ടിടത്തിലെ വാർഡുകളിലെ രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. എ.ആർ. മേനോൻ ബ്ലോക്ക് സുരക്ഷിതമല്ലെന്നും ഇതുകാണിച്ച് നോട്ടീസ് നൽകുമെന്നും ജില്ലാ പഞ്ചായത്ത് പൊതുമരാമത്തുവകുപ്പ്‌ അറിയിച്ചതിനെത്തുടർന്നാണ് രോഗികളെ പെട്ടെന്ന് മാറ്റിയതെന്ന് ജില്ലാ ആശുപത്രി അധികൃതരറിയിച്ചു.

ജില്ലാ ആശുപത്രി കെട്ടിടങ്ങൾ മുൻദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്തുവിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നോട്ടീസ് നൽകാൻ തീരുമാനമെടുത്തത്. വ്യാഴാഴ്ച രാവിലെയോടെയാണ് നോട്ടീസ് നൽകുന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചത്. വൈകാതെതന്നെ എ.ആർ. മേനോൻ ബ്ലോക്കിലെ മെയിൽ മെഡിക്കൽ (എം.എം.), മെയിൽ സർജിക്കൽ (എം.എസ്.) വാർഡുകളിലെ രോഗികളെ വീൽച്ചെയറിലും സ്ട്രെക്ചറിലുമായി മറ്റ് വാർഡുകളിലേക്ക് മാറ്റി.

പുരുഷന്മാരുടെ പേവാർഡ്, നെഹ്രു വാർഡ്, സ്ത്രീകളുടെ വാർഡ്, ലിംഫ് ഫിറ്റിങ് സെന്റർ കെട്ടിടത്തിന്റെ മുകൾഭാഗം എന്നിവിടങ്ങളിലേക്കാണ് എ.ആർ. മേനോൻ ബ്ലോക്കിലെ രോഗികളെ മാറ്റിയത്.

കനത്ത മഴയെത്തുടർന്ന് എം.എം. വാർഡ്, എം.എസ്. വാർഡ് എന്നിവിടങ്ങളിൽ ദിവസങ്ങളായി ചോർച്ചയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് രോഗികളുടെ ഭാഗത്തുനിന്ന്‌ പരാതികളുയർന്നിരുന്നു. കാലപ്പഴക്കത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിലെ മിക്ക കെട്ടിടങ്ങളുടെയും സ്ഥിതി മോശമാണ്. പല കെട്ടിടങ്ങളിലെയും ചോർച്ച താത്കാലികമായി പരിഹരിക്കുകയായിരുന്നു.

രോഗികളെ മാറ്റുന്നതിനും മഴ തടസ്സമായി

രാവിലെമുതൽ മഴ നിർത്താതെപെയ്തത് രോഗികളെ മാറ്റുന്നതിന്‌ ബുദ്ധിമുട്ടുണ്ടാക്കി. വീൽച്ചെയറിലെ രോഗികൾക്ക് കൂടചൂടി നൽകിയും സ്‌ട്രെക്ചറിൽ കിടക്കുന്ന രോഗികൾക്ക് പുതപ്പുകൊണ്ട് മേൽക്കൂരയൊരുക്കിയുമാണ് വാർഡുകളിൽനിന്നും മാറ്റിയത്.