ചെർപ്പുളശ്ശേരി: നാല്‌ തലമുറകൾക്കുമുന്നേ നമ്പൂതിരിസമുദായത്തിലെ അന്തർജനങ്ങളെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക് കൈപിടിച്ചുയർത്താൻ മുന്നിട്ടിറങ്ങിയ പ്രസ്ഥാനങ്ങളിൽ കുറുമാപ്പള്ളി മന വഹിച്ച പങ്ക് ചെറുതല്ല.

വെട്ടുകല്ലിന്റെ ശില്പചാതുരിയിൽ പണിത മനയാണിത്. തെക്കിനിയും കിഴക്കിനിയും മരത്തിന്റെ കൊത്തുപണികളാൽ സുന്ദരം. പടിഞ്ഞാറുഭാഗത്തേക്കാണ് മുഖം. പൂമുഖവും നടുമുറ്റവുമെല്ലാം വിശാലം. വിശാലമായ മനയിലെ മുറികളിൽ പഴമയുടെ കുളിർമയാണെങ്ങും.

നടുമുറ്റത്തിന്റെ ഒന്നാംനില 30 വർഷംമുമ്പ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയുമുണ്ടായി. നടുമുറ്റത്തിനോടുചേർന്ന് പടിഞ്ഞാറോട്ടഭിമുഖമായി തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ച ശ്രീകോവിലുമുണ്ട്. പന്നിയംകുറിശ്ശി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രസമുച്ചയവുമായി മനയ്ക്ക് അഭേദ്യമായ അടുപ്പമാണുള്ളത്. പന്നിയംകുറിശ്ശി ക്ഷേത്രത്തിലേക്കുള്ള തെക്കൻ പൂരം കൊട്ടിപ്പുറപ്പെടുന്നത് ഇന്നും ഈ മനയിൽനിന്നുതന്നെ.

തലമുറകളുടെ തലയെടുപ്പാണ് കുറുമാപ്പള്ളി മനയ്ക്ക്. തെക്കുഭാഗത്ത് മൂന്നുനില പത്തായപ്പുരയുമുണ്ട്. വിദ്യാസംസ്കൃതിയുടെയും ഭാഷാസംസ്കൃതിയുടെയും പാരമ്പര്യവും ചരിത്രവും സമന്വയിച്ച മനയുടെ പഴക്കം 350 വർഷത്തിലേറെ. അറിയപ്പെടുന്ന ക്ഷേത്രകലാകാരന്മാരെ വാർത്തെടുത്തതിലും മനയുടെ പങ്ക് സമാനതകളില്ലാത്തതാണെന്ന്‌ വിലയിരുത്തുന്നു. ഇപ്പോൾ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ തങ്കം അന്തർജനവും കേശവൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനവുമാണ്‌ ഇവിടെ സ്ഥിരതാമസം.

അന്തർജനങ്ങളെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌ നയിക്കാൻ മുന്നിട്ടിറങ്ങിയ വി.ടി. ഭട്ടതിരിപ്പാടിനോടൊപ്പം ആ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായ തേതിക്കുട്ടിയുടെയും അച്ഛൻ നമ്പൂതിരിയുടെയും വേഷമിട്ട കുറുമാപ്പള്ളി പുരുഷോത്തമൻ നമ്പൂതിരിയും (അഫ്ഫൻ നമ്പൂതിരി) സജീവപങ്കാളിയായി.

അധ്യാപനരംഗത്ത് മികവുതെളിയിച്ച് ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിന്റെ അഭ്യുന്നതിക്കായി ആത്മാർപ്പണം ചെയ്ത ആദ്യകാല അധ്യാപകരിൽ മുൻപന്തിയിലാണ്‌ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ നാരായണൻ നമ്പൂതിരി. നാരായണൻ നമ്പൂതിരിയുടെ മൂത്ത മകൻ നാരായണൻ നമ്പൂതിരി കോഴിക്കോട്ടെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ ശ്രീധരൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, പ്രൊഫസർ പുരുഷോത്തമൻ നമ്പൂതിരി തുടങ്ങിയവരുടെ നിരവധി ലേഖനങ്ങൾ മാതൃഭൂമി വാരാന്തപ്പതിപ്പിലും ആഴ്ചപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ സഹോദരി ഉമാദേവി അന്തർജനമാണ് (കുഞ്ഞിമാളു കുട്ടിക്കാവ്) നമ്പൂതിരിസമുദായത്തിൽ ആദ്യമായി ബി.എസ്‌സി ബിരുദം നേടിയ സ്ത്രീ.

ഇന്നത്തെ തലമുറയിൽ എഴുത്തുകാരനും ഫ്രീലാൻസ് ജർണലിസ്റ്റുമായ പ്രകാശ് കുറുമാപ്പള്ളി ചെർപ്പുളശ്ശേരി നഗരസഭാംഗവുമാണ്.