ഒറ്റപ്പാലം: നഗരസഭാ ബസ്‌സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയാകുംവരെ നടപ്പാക്കിയ താത്‌കാലിക ഗതാഗതക്രമീകരണങ്ങൾ തുടരാൻ തീരുമാനം. ബസ്‌സ്റ്റാൻഡ് അടച്ചിട്ടതുമൂലമുള്ള ബുദ്ധിമുട്ടുകൾ വിലയിരുത്താൻ ബുധനാഴ്ച നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തത്‌സ്ഥിതി തുടരാൻ തീരുമാനിച്ചത്.

നിലവിൽ ബസ്‌സ്റ്റാൻഡിന് മുൻവശത്ത് വന്നാൽ യാത്രക്കാർ ഏതുഭാഗത്തേക്കുള്ള ബസും കിട്ടുന്ന സ്ഥിതിയുണ്ട്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന ബസ്സുകളൊഴിച്ചാൽ മറ്റു ബസ്സുകളെല്ലാം ബസ്‌സ്റ്റാൻഡിന് മുന്നിലാണ് ആളെയിറക്കുന്നത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്നുള്ള ബസ് മാത്രമാണ് പി.എൻ.ബി.യുടെ മുൻവശത്ത് നിർത്തുന്നത്.

ഈ നടപടിമൂലം നഗരത്തിൽ കുറച്ച് തിരക്ക് വരുമെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാനിടയില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. നഗരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ സ്റ്റാൻഡിന് മുന്നിൽ അധികനേരം ബസ്സുകൾ നിർത്തിയിടുന്നത് ഒഴിവാക്കാനും തീരുമാനമായി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്റർലോക്ക് ടൈലുകൾ പതിക്കുന്നതിനായി ഒറ്റപ്പാലം ബസ്‌സ്റ്റാൻഡ് അടച്ചിട്ടത്. തുടർന്ന്, ബസ്സുകളെല്ലാം സ്റ്റാൻഡിന് മുൻവശത്ത് നിർത്തി ആളെ കയറ്റാനുമിറക്കാനും തുടങ്ങിയതോടെ നഗരം ഗതാഗതക്കുരുക്കിലായിരുന്നു. രാവിലെയും വൈകുന്നേരവും ഈസ്റ്റ് ഒറ്റപ്പാലംവരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. ബുധനാഴ്ചയും ഗതാഗതക്കുരുക്കിന് കുറവുണ്ടായിരുന്നില്ല.

പല ദീർഘദൂര ബസ്സുകളും ഒറ്റപ്പാലം നഗരത്തിൽ പ്രവേശിക്കാതെ മംഗലം മുരുക്കുംപറ്റ വാണിയംകുളം വഴിയും യാത്ര തിരിച്ചുവിട്ടിരുന്നു. വിശകലനയോഗത്തിൽ ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻനമ്പൂതിരി അധ്യക്ഷനായി. സബ് ആർ.ടി. ഓഫീസ് അധികൃതർ, ട്രാഫിക് പോലീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പണി വേഗം പൂർത്തിയാക്കും

ബസ്‌സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ സ്റ്റാൻഡ് അടച്ചിട്ടേ മതിയാകൂ. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നിലവിൽ സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങൾ മാത്രമാണ് പോംവഴി. പണി വേഗം പൂർത്തിയാക്കും.

-എൻ.എം. നാരായണൻനമ്പൂതിരി

ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ