ഒറ്റപ്പാലം: തെരുവുവിളക്ക് പരിപാലന കരാറിൽ നിക്ഷേപത്തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. കരാറിന്റെ പത്തുശതമാനം നിക്ഷേപത്തുക വാങ്ങേണ്ടിടത്ത് അഞ്ച് ശതമാനം മാത്രമേ കരാറുകാരിൽനിന്ന് ഈടാക്കിയുള്ളൂവെന്ന യു.ഡി.എഫിന്റെ ആരോപണത്തോടെയാണ് യോഗത്തിൽ ബഹളമുണ്ടായത്. ഇതേത്തുടർന്ന് സി.പി.എം.-യു.ഡി.എഫ്. കൗൺസിലർമാർതമ്മിൽ വാക്കേറ്റവുമുണ്ടായി. നിജസ്ഥിതി അന്വേഷിക്കാനും നഗരസഭാ സെക്രട്ടറിയോട് വിശദീകരണം ചോദിക്കാനും കൗൺസിൽ തീരുമാനിച്ചു.

തെരുവുവിളക്ക് പരിപാലന കരാറിൽ നഗരസഭ കരാറുകാരനോട് അഞ്ചുശതമാനം നിക്ഷേപത്തുകയേ ഈടാക്കിയിരുന്നുള്ളൂ. കരാറെടുക്കുന്നയാൾ ആകെ തുകയുടെ പത്തുശതമാനം നിക്ഷേപത്തുകയായി നൽകണമെന്ന (തദ്ദേശവകുപ്പിൽനിന്ന് ലഭിച്ച) വിവരാവകാശരേഖ കൗൺസിലിൽ അവതരിപ്പിച്ച് യു.ഡി.എഫ്. കൗൺസിലർ പി.എം.എ. ജലീലാണ് ആരോപണമുന്നയിച്ചത്. ഓഡിറ്റ് വിഭാഗത്തോട് സംസാരിച്ചും സ്റ്റോക്ക് പർച്ചേസ് മാന്വൽ പ്രകാരവും അഞ്ചുശതമാനമാണ് തുകയെന്നും ഇതിനനുസൃതമായാണ് കരാർ നൽകിയതെന്നും സെക്രട്ടറി പറഞ്ഞു. വിഷയത്തിലെ വ്യക്തതയ്ക്കായി നഗരകാര്യവകുപ്പിനെ സമീപിക്കണമെന്ന് സി.പി.എം കൗൺസിലർമാരും ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരേ നഗരസഭാധ്യക്ഷൻ നടപടി സ്വീകരിക്കണമെന്നായിരുന്നു യു.ഡി.എഫ്. കൗൺസിലർമാരുടെ ആവശ്യം. വിഷയത്തിൽ സി.പി.എം. കൗൺസിലർ സന്തോഷും മുസ്‌ലിംലീഗ് കൗൺസിലർ പി.എം.എ. ജലീലുമായി വാക്കുതർക്കവുമുണ്ടായി. തുടർന്നാണ് സെക്രട്ടറിയോട് വിശദീകരണം തേടാമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചത്.

തുടർന്ന്, നഗരകാര്യവകുപ്പിനെ സമീപിച്ച് വിഷയത്തിൽ വ്യക്തതവരുത്താമെന്നും ഒരുമാസത്തിനകം നടപടി സ്വീകരിക്കാമെന്നും നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി കൗൺസിലിനെ അറിയിച്ചു. തെരുവുവിളക്ക് പരിപാലനത്തിൽ കരാറിലേർപ്പെടുന്ന സമയത്തുനടന്ന കൗൺസിൽ യോഗങ്ങളിൽ പത്തുശതമാനമാണ് നിക്ഷേപത്തുക വാങ്ങേണ്ടതെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അംഗീകരിക്കാൻ ഭരണസമിതി തയ്യാറായിരുന്നില്ല.