
ഒറ്റപ്പാലം: ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി. പി. അഞ്ജു ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു തുടക്കം. ഒറ്റപ്പാലം ലക്ഷ്മി തീയറ്ററിൽ നടക്കുന്ന ചലച്ചിത്രോത്സവം പി. ഉണ്ണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷനായി. നടൻ ഇർഷാദ് അലി, ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുദൻ, സംവിധായകൻ അരുൺ ബോസ്, കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജി.പി. രാമചന്ദ്രൻ, നഗരസഭാ ഉപാധ്യക്ഷ കെ. രത്നമ്മ, ഇ. രാമചന്ദ്രൻ, സി.കെ. വത്സൻ, ഫെസ്റ്റിവൽ ഡയറക്ടർ കെ.സി. ജിതിൻ, കൺവീനർ പി. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
സാംസ്‌കാരികവകുപ്പിന്റെയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. അരുൺ ബോസ് സംവിധാനംചെയ്ത അലൻ ദിസൈ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.
ഒരു ഞായറാഴ്ച, ചോല, ആർട്ടിക്കിൾ 15, ഇൻഷ അള്ളാ ഫുട്‌ബോൾ, ബയോസ്കോപ്പ് എന്നീ സിനിമകൾ ആദ്യദിവസം പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം ഞായറാഴ്ച സമാപിക്കും.
ചലച്ചിത്രോത്സവത്തിൽ ഇന്ന്
പേരൻപ്, ഉടലാഴം, ജല്ലിക്കെട്ട്, ഡീഗോ മറഡോണ, പെയിൻ ആൻഡ് ഗ്ലോറി, പോർട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ തുടങ്ങിയ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും. വൈകീട്ട് 4.30-ന് ‘സിനിമ എന്ന തൊഴിലിടം’ വിഷയത്തിൽ തുറന്നസംവാദം നടക്കും. ജോളി ചിറയത്ത്, മനീഷ് നാരായണൻ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ സംസാരിക്കും.