ഒറ്റപ്പാലം: കേരളത്തിൽ കോരിച്ചൊരിയുന്ന മഴപെയ്ത് പ്രളയമുണ്ടായപ്പോൾ തൃക്കടീരി ആശാരിത്തൊടിവീട്ടിൽ അബ്ദുഹാജിയും കുടുംബവും സുരക്ഷിതരായിരുന്നു. വീട്ടിലിരുന്ന് ടി.വി.യിൽ രണ്ടുനില വീടുകൾവരെ വെള്ളത്തിൽ മുങ്ങിനിൽക്കുന്ന ഭീകര ദൃശ്യങ്ങൾ അവർ കണ്ടു.

വെള്ളംകയറാൻ സാധ്യതയില്ലാത്ത നെല്ലായ മാരായമംഗലത്തുള്ള സ്ഥലം നമുക്ക് സർക്കാരിന് നൽകിയാലോ? അദ്ദേഹം തന്റെ മക്കളോട് ചോദിച്ചു. മക്കൾക്ക് പൂർണ സമ്മതം. അങ്ങനെ ആ ഒരേക്കർ 10 സെന്റ് സ്ഥലം അവർ സർക്കാരിന് കൈമാറാൻ തീരുമാനിച്ചു. ചൊവ്വാഴ്ച ഒറ്റപ്പാലം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ധനസമാഹരണ ചടങ്ങിൽ അബ്ദുഹാജിയും മകൻ ഫൈസലും ചേർന്ന് ഭൂമിയുടെ രേഖകൾ മന്ത്രി എ.കെ. ബാലന് കൈമാറി.

1968 മുതൽ 1976 വരെ മുംബൈയിലും 1976 മുതൽ 1983 വരെ സൗദിയിലുമായിരുന്നു അബ്ദുഹാജി. തുടർന്ന് നാട്ടിലെത്തി.

ഒറ്റപ്പാലം, ചെർപ്പുളശ്ശേരി ഭാഗങ്ങളിലായി കെട്ടിടനിർമാണ സാമഗ്രികളുടെ കച്ചവടം തുടങ്ങി. പത്തുവർഷം മുമ്പാണ് നെല്ലായ നാരായമംഗലത്ത് സ്ഥലംവാങ്ങുന്നത്. ദുരന്തംകണ്ട് ധീരമായ തീരുമാനമെടുക്കുമ്പോൾ ഭാര്യ ഖദീജയും ഫൈസൽ, സാബിർ, സമീർ, സജീന എന്നീ നാലുമക്കളും അബ്ദുഹാജിക്കൊപ്പം നിന്നു.

വിവരം പഞ്ചായത്തധികൃതരെ അറിയിച്ചു. ഒറ്റപ്പാലം തഹസിൽദാരും സംഘവും സ്ഥലംപരിശോധിച്ച്‌ അബ്ദുഹാജിയുടെ സ്ഥലം ഏറ്റെടുക്കാമെന്ന് അറിയിച്ചു. സെന്റിന് 50,000 രൂപ വിലമതിക്കുന്ന സ്ഥലമാണിതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.

സ്ഥലം നൽകുന്നതിന്റെ എല്ലാ ഗുണങ്ങളും അർഹതപ്പെട്ടവർക്ക് കിട്ടണമെന്ന ആവശ്യം മാത്രമേയുള്ളൂവെന്ന് അബ്ദുഹാജി പറഞ്ഞു. ഇദ്ദേഹംചെയ്ത സഹായം മാതൃകാപരമാണെന്നും ജില്ലയിലെ കുറച്ചുപേർകൂടി ഇത്തരത്തിൽ സഹായം ചെയ്താൽ വീട് നഷ്ടപ്പെട്ടവരെയെല്ലാം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിക്കാനാകുമെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.