ഒറ്റപ്പാലം : എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് വിതരണപദ്ധതിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. യു.ഡി.എഫ്. ഉന്നയിച്ച ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളമുയർന്നത്. തുടർന്ന്, പദ്ധതി കൈകാര്യംചെയ്ത ഹെൽത്ത് സൂപ്രണ്ടിനെ അവധിയിൽ പ്രവേശിപ്പിച്ച് കൗൺസിലർമാർ ഉൾപ്പെട്ട മൂന്നംഗ കമ്മിറ്റി ക്രമക്കേട് പരിശോധിക്കാൻ തീരുമാനിച്ചു.

പദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാക്രമം പാലിക്കാതെ ലാപ്‌ടോപ് വിതരണം നടത്തിയെന്നായിരുന്നു ഹെൽത്ത് സൂപ്രണ്ടിനെതിരേ യു.ഡി.എഫ്. കൗൺസിലർ പി.എം.എ. ജലീലിന്റെ ആരോപണം. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സി.പി.എം. ഒഴിച്ചുള്ള കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരുൾപ്പെട്ട സമിതി അന്വേഷിച്ച് ക്രമക്കേടുണ്ടെങ്കിൽ വിജിലൻസിന് കേസ് കൈമാറാമെന്ന് സി.പി.എം. കൗൺസിലർമാരും നിലപാടെടുത്തു. ഇതിൽ തീരുമാനമാകാതെവന്നതോടെ യോഗം ബഹളത്തിലാവുകയും നഗരസഭാധ്യക്ഷൻ യോഗം പിരിച്ചുവിടുകയുംചെയ്തു. ഉച്ചയ്ക്കുശേഷം വീണ്ടും യോഗം ചേർന്നപ്പോൾ ഉദ്യോഗസ്ഥനെ അവധിയിൽ പ്രവേശിപ്പിച്ച് കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കാമെന്ന്‌ നഗരസഭാധ്യക്ഷൻ അറിയിക്കുകയുമായിരുന്നു. തുടർന്ന്, നഗരസഭാധ്യക്ഷൻ അധ്യക്ഷനായും സ്ഥിരംസമിതി അധ്യക്ഷൻ കെ.ബി. ശശികുമാർ, കൗൺസിലർ സത്യൻ പെരുമ്പറക്കോട് എന്നിവർ അംഗങ്ങളായുമുള്ള സമിതി രൂപവത്കരിക്കുകയും ചെയ്തു. ലാപ്‌ടോപ് ഗുണഭോക്തൃപട്ടിക നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് ആർക്കും തർക്കമില്ലായിരുന്നെന്നും രാഷ്ട്രീയനേട്ടത്തിനുള്ള ശ്രമമാണെന്നും നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി പറഞ്ഞു.

പരാതിനൽകി

:ഉച്ചയ്ക്ക് കൗൺസിൽ യോഗം പിരിച്ചുവിട്ടശേഷം മൂന്നുമണിക്ക് വീണ്ടും കൗൺസിൽയോഗം നടത്തിയത് അറിയിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ്. കൗൺസിലർ ജോസ് തോമസ് നഗരകാര്യ ഡയറക്ടർക്ക് പരാതിനൽകി. നിയമവിരുദ്ധമായി കൗൺസിൽ യോഗം നടത്തിയതിനെതിരേ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിന്റെ നോഡൽ ഓഫീസറായ ഉദ്യോഗസ്ഥനോട് അവധിയിൽപ്പോകാൻ പറഞ്ഞ നടപടിയിൽ സി.പി.എം. കൗൺസിലർ ടി.പി. പ്രദീപ്കുമാർ വിയോജനകുറിപ്പും നൽകി.