ഒറ്റപ്പാലം : തൃശ്ശൂരിലെയും പാലക്കാട്ടെയും ഉത്സവമേള ആസ്വാദകർക്ക് അദ്ദേഹം കൊമ്പ് രാമൻനായരായിരുന്നു. പൂരങ്ങളുടെ സകല ആവേശങ്ങളും ആവാഹിച്ച് മേളപ്രമാണിമാർ കൊട്ടിക്കയറുമ്പോൾ മേളത്തിന്റെ മാറ്റുകുറയാതെ ഒപ്പംപിടിക്കാൻ പതിറ്റാണ്ടിലേറെ കാലമായി കൊമ്പ് വാദ്യവുമായി രാമൻനായരുമുണ്ടായിരുന്നു. ചിനക്കത്തൂരിലും നെന്മാറയിലും ഉത്രാളിക്കാവിലും ആറാട്ടുപുഴയിലുമെല്ലാം മേളങ്ങളിലൂടെ പ്രശസ്തനായ പനമണ്ണ പ്ലാക്കോട്ടുതൊടി രാമൻനായർ (92) ഇനി കഴിഞ്ഞുപോയ പൂരംപോലെയൊരു ഓർമയാണ്.

വർഷങ്ങൾക്കുമുമ്പ് തിരുവില്വാമല നിറമാല ഉത്സവത്തിന് അപ്പുക്കുട്ടി പൊതുവാൾക്കൊപ്പം മേളത്തിൽ പങ്കെടുക്കുന്നതിനിടെ രാമൻനായർക്കൊന്ന് ഇടറി. ആവേശത്തിമിർപ്പിൽ കൊമ്പുവാദ്യത്തിനുള്ളിലൂടെ ചോരയൊലിച്ചിറങ്ങി. ശരീരം അനുവദിക്കാതായതോടെ മേളങ്ങളോട് വിടപറഞ്ഞ രാമൻനായർ കഴിഞ്ഞ കുറച്ചുകാലമായി അസുഖങ്ങളുടെ ലോകത്തായിരുന്നു. മയിലുംപുറത്തെ ഒറ്റമുറിവീട്ടിൽ ഏകാന്തവാസത്തിനിടെ കിടപ്പിലുമായി. പരസഹായം ആവശ്യമായിരുന്ന ഇദ്ദേഹം പിന്നീട് അയൽവാസികളുടെയും മറ്റും കാരുണ്യത്തിലായിരുന്നു ജീവിതം. ഒരാഴ്ചയിലേറെ ആലത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയിലാണ് മേളങ്ങളുടെ ലോകത്തുനിന്ന് വിടവാങ്ങിയത്.