ഒറ്റപ്പാലം : ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം നഗരത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരന്റെ നേരിട്ടുള്ള സമ്പർക്ക പട്ടികയിലുള്ളത് 14 പേർ. എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

പത്തൊമ്പതാംമൈൽ സ്വദേശിയായ ഇയാൾക്ക്‌ രോഗം പകർന്നത്, നേരത്തെ പാലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചയാളിൽനിന്നാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മൊബൈൽ സ്ഥാപനത്തിലെ മൂന്ന് സഹപ്രവർത്തകർ, കടയിലെത്തിയ രണ്ട് ഉപഭോക്താക്കൾ, മറ്റൊരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ എന്നിവരും ബന്ധുക്കളുമാണ് പട്ടികയിലുള്ളത്.

രണ്ടാംഘട്ട സമ്പർക്ക പട്ടികയിൽ മൊബൈൽ ഷോപ്പിലെത്തിയ 40 പേരുൾപ്പെടെ കുറേ പേരുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. ഇവരെ കൃത്യമായി കണ്ടെത്താനാകാത്ത പ്രശ്നവും ആരോഗ്യവകുപ്പിനുണ്ട്.

കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് മൊബൈൽ ഷോപ്പും മറ്റൊരുസ്ഥാപനവും അടച്ചിട്ടിരുന്നു.

സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.