ഒറ്റപ്പാലം : പനമണ്ണയിലെ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങി കറങ്ങിനടന്നയാൾക്ക് ആറുദിവസം കഴിഞ്ഞിട്ടും കോവിഡ് പരിശോധന നടത്തിയില്ല. ആറുദിവസത്തിനിടെ പഞ്ചായത്തിൽ രണ്ടുതവണ ആന്റിജൻ പരിശോധന നടന്നിരുന്നെങ്കിലും ഇയാളെ പരിഗണിച്ചില്ല.

18ന് സൗദിയിൽനിന്നെത്തിയ 45-കാരനാണ് നിരീക്ഷണത്തിൽ തുടരവേ 22ന് ഉച്ചയ്ക്ക് പുറത്തിറങ്ങിയത്. ബസ്സിൽ അനങ്ങനടിയിലെ വീട്ടിൽ പോയി. അവിടെനിന്ന് പോലീസും ആരോഗ്യവകുപ്പും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് ബഹളം വെച്ചതിനെത്തുടർന്ന് ജില്ലാശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ അവിടെനിന്നും സമ്മതമില്ലാതെ പുറത്തിറങ്ങി. തുടർന്ന് ഓട്ടോ പിടിച്ച് പനമണ്ണയിലെ നിരീക്ഷണകേന്ദ്രത്തിൽ തിരിച്ചെത്തി. പിന്നീട് പോലീസ് കാവലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്.

ഇയാൾക്കെതിരെ പകർച്ചവ്യാധിതടയൽ നിയമപ്രകാരം കേസുമെടുത്തു. ഇയാൾക്ക് പോസിറ്റീവായാൽ സമ്പർക്കപ്പട്ടികയുണ്ടാക്കുന്നതുപോലും ബുദ്ധിമുട്ടാകും. ചൊവ്വാഴ്ച പരിശോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 108 ആംബുലൻസ് ലഭിക്കാത്തതാണ് തടസ്സമായത്. പനമണ്ണയിലെ നിരീക്ഷണകേന്ദ്രത്തിൽത്തന്നെ അവിടെയുള്ള എല്ലാവരെയും ഒരുമിച്ച് പരിശോധിക്കുമെന്ന് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ. രഞ്ജിത്ത് അറിയിച്ചു.