ഒറ്റപ്പാലം : കോവിഡ്‌വ്യാപന സാധ്യത പരിഗണിച്ച് ഒറ്റപ്പാലത്തെ തെരുവുകച്ചവടങ്ങൾക്ക് താത്‌കാലിക നിരോധനം. നഗരസഭാ ജാഗ്രതസമിതിയുടെ നേതൃത്വത്തിൽനടന്ന യോഗത്തിലാണ് തീരുമാനം.

ഒറ്റപ്പാലം നഗരം, തെന്നഡി ബസാർ, ന്യൂ ബസാർ, ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർപാലം ജങ്ഷൻ, കണ്ണിയംപുറം, ചുനങ്ങാട് റോഡ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ തെരുവുകച്ചവടമുള്ളത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ തെരുവ് കച്ചടവടക്കാർ വർധിച്ചിരുന്നു. അക്വേറിയംമുതൽ ചിപ്‌സ് വില്പനക്കാർവരെ തെരുവുകച്ചവടം നടത്തിയിരുന്നു.

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടും നിയമാനുസൃത രേഖകളില്ലാതെയും നടത്തുന്ന തെരുവുകച്ചവടം നിരോധിക്കണമെന്ന്‌ കേരള വ്യാപാരിവ്യവസായി എകോപനസമിതി ഒറ്റപ്പാലം യൂണിറ്റ്‌ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ് തെരവുകച്ചവടം നിരോധിക്കാൻ തീരുമാനിച്ചത്.

വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കൂട്ടംകൂടൽ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷനായി.