ഒറ്റപ്പാലം : ശനിയാഴ്ച ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പാലപ്പുറത്ത് പ്രത്യേക ആൻറിജൻ പരിശോധന നടത്തി. 112 പേർക്കാണ് പരിശോധന നടത്തിയത്. ഇവരുടെ എല്ലാവരുടെയും ഫലം നെഗറ്റീവായി. ഇതിനുപുറമേ താലൂക്കാശുപത്രിയിൽ 30പേർക്ക് നടന്ന പരിശോധനയിലും എല്ലാവരുടെയും ഫലം നെഗറ്റീവായി. പാലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന 18-നുതന്നെ ഇവരെല്ലാവരും നിരീക്ഷണത്തിൽ പോയിരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഇതിൽ രണ്ടുപേർക്ക് 18-നുമുമ്പ് കൂടുതൽ പേരുമായി സമ്പർക്കമുണ്ടായിരുന്നെന്ന് ആരോഗ്യവകുപ്പധികൃതർ സംശയിക്കുന്നുണ്ട്. ഇതേത്തുടർന്ന് ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. കഴിഞ്ഞ 18-നാണ് ആൻറിജൻ പരിശോധനയിലൂടെ പാലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇയാളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 13പേരിൽ ഏഴുപേർക്കും കോവിഡ് എന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക പരിശോധനയുടെ ഭാഗമായി തിങ്കളാഴ്ച പൂളക്കുണ്ടിലും ക്യാമ്പ് നടക്കും.